അഹമ്മദാബാദ്: രാഷ്ട്രീയ പോര് മുറുകുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന് രാജ്യസഭയിലേക്കുള്ള വഴി തുറക്കാന്‍ വേണ്ടുന്ന നാല്‍പത്തിയഞ്ച് വോട്ട് തികയ്ക്കാനാകുമോ എന്നാണ് രാഷ്ട്രം ഉറ്റുനോക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

182 അംഗ ഗുജറാത്ത് നിയമസഭയിലെ കക്ഷിനില


  • ബിജെപി-121 

  • എന്‍സിപി-2 

  • കോണ്‍ഗ്രസ്-51 (വഗേല പക്ഷത്തെ 7 പേര്‍ ഉള്‍പ്പടെയാണ് 51 പേര്‍)

  • ജെഡിയു-1


തിരഞ്ഞെടുപ്പിനിടെ വിവിധ അഭിപ്രായങ്ങളുമായി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അഹമ്മദ് പട്ടേലിനാണ് വോട്ടു ചെയ്തതെന്ന് ജെഡിയു നേതാവ് ചോട്ടുഭായ് പറഞ്ഞു. നിലവിൽ 43 വോട്ട് ലഭിച്ചുവെന്നും ഒരു എംഎൽഎ കൂടി വോട്ടു ചെയ്യാനുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് അർജുൻ മൊഹദ്‍വാദിയ അറിയിച്ചു. ചില ബിജെപി എംഎൽഎമാർ കോൺഗ്രസിന് വോട്ടുചെയ്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു.


എന്നാല്‍ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ആനന്ദിബെൻ പട്ടേല്‍ പറയുന്നത് തങ്ങളുടെ സ്ഥാനാർഥികളുടെ വിജയം ഉറപ്പാണെന്നാണ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതു മുതൽ പാർട്ടി മികച്ച പ്രവർത്തനമാണ് നടത്തിയതെന്നും അവർ പറഞ്ഞു.


ബി.ജെ.പിയെ ഭയന്ന് ഒളിച്ചിരുന്ന എം.പിമാരും വോട്ട് ചെയ്തു. ബിജെപിയുടെ സമ്മർദ്ദ തന്ത്രത്തിൽനിന്ന് രക്ഷപ്പെടുത്തി കോൺഗ്രസ് ബെംഗളൂരുവിൽ പാർപ്പിച്ചിരുന്ന 44 എംഎൽഎമാരാണ് വോട്ടു ചെയ്തത്. 


അതേസമയം വിമത നേതാവ് ശങ്കർസിങ് വഗേലയും ഒപ്പമുള്ള ആറ് കോൺഗ്രസ് വിമത എംഎൽഎമാരും ബിജെപിക്കു വോട്ടു ചെയ്തു. കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് കൂറുമാറിയവരാണ് ഇവർ. 


എന്തുവിലകൊടുത്തും അഹമ്മദ് പട്ടേലിനെ രാജ്യസഭ കാണിക്കില്ല എന്ന വാശിയില്‍ ബിജെപി അരയും തലയും മുറുക്കി രംഗത്തുണ്ട്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ നേരിട്ടാണ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.