ന്യൂഡല്‍ഹി: ഉപമുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ തര്‍ക്കങ്ങള്‍ മുറുകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ നിയുക്ത കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കര്‍ണാടകയ്ക്ക് സുസ്ഥിരമായ സര്‍ക്കാര്‍ നല്‍കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കുമാരസ്വാമി പ്രതികരിച്ചു. അതേസമയം അധികാര ചര്‍ച്ചകളെക്കുറിച്ചും മന്ത്രിപദങ്ങള്‍ സംബന്ധിച്ച പങ്കുവയ്ക്കലുകളെക്കുറിച്ചും സംസാരിച്ചില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കി. അത്തരം വിഷയങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യുമെന്നാണ് കുമാരസ്വാമി പറഞ്ഞത്. 


എന്നാല്‍, ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിലെ അധികാര പങ്കു വയ്ക്കലുകള്‍ സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ക്കായാണ് കുമാരസ്വാമിയുടെ സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ബിഎസ്പി അധ്യക്ഷ മായാവതിയുമായും കുമാരസ്വാമി കൂടിക്കാഴ്ച നടത്തിയിരുന്നു. 


കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കര്‍ണാടക തെരഞ്ഞെടുപ്പ് ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരും സന്നിഹിതരായിരുന്നു.