ന്യൂഡല്‍ഹി: കനത്ത ചൂടില്‍ കേരളാ എക്സ്‍പ്രസിൽ യാത്ര ചെയ്തിരുന്ന 4 പേര്‍ക്ക് ദാരുണാന്ത്യം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കനത്ത ചൂടിനെ തുടര്‍ന്ന് അവശരായ ഇവര്‍ ട്രെയിനികത്ത് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് ഒപ്പം യാത്രചെയ്തിരുന്നവര്‍ പറയുന്നത്. ഡല്‍ഹി, ആഗ്ര സന്ദര്‍ശിച്ച ശേഷം കൊയമ്പത്തൂരിലേക്ക് തിരിച്ച തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. 68 അംഗ യാത്രാ സംഘത്തിൽ ഉൾപ്പെട്ടവരായിരുന്നു ഇവരെല്ലാം. 


എസ് 8, എസ് 9 കോച്ചുകളിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. തീവണ്ടി ആഗ്ര സ്റ്റേഷനിൽ നിന്നും വിട്ടയുടനെ ഇവര്‍ക്ക് ശ്വാസ തടസവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടു. അധികം വൈകാതെ കുഴഞ്ഞ് വീഴുകയായിരുന്നു എന്നാണ് ഒപ്പം യാത്ര ചെയ്തവര്‍ പറയുന്നത്. 


അതേസമയം, മരണകാരണം പോസ്റ്റ്‍മോർട്ടം അടക്കമുള്ള പരിശോധനകൾക്ക് ശേഷമെ പറയാനാകു എന്നാണ് റെയിൽവെ പറയുന്നത്.  പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങൾ തമിഴ്നാട്ടിലെത്തിക്കാൻ നടപടി എടുക്കുമെന്നും റെയിൽവെ അറിയിച്ചു.


ഉത്തരേന്ത്യയില്‍ ചൂട് എക്കാലത്തെയും റെക്കോര്‍ഡ് തകര്‍ത്ത്‌ കനക്കുകയാണ്. ചുട് 48 ഡിഗ്രിയിലേക്ക് വരെ ഉയര്‍ന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പകല്‍ സമയത്ത് കഴിവതും യാത്ര ഒഴിവാക്കാനുള്ള നിര്‍ദ്ദേശമാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കിയിരിക്കുന്നത്.