ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന്‍ തമിഴ്നാട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവള്ളൂര്‍, തൂത്തുക്കുടി, രാമനാഥപുരം, കാഞ്ചീപുരം, തിരുനെല്‍വേലി, കടല്ലൂര്‍, ചെന്നൈ എന്നീ ജില്ലകള്‍ക്കാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും ലക്ഷദ്വീപിനോട് ചേര്‍ന്ന മേഖലകളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്.


മഴ തുടരുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, തൂത്തുക്കുടി, രാമനാഥപുരം, കാഞ്ചീപുരം എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


തിരുവള്ളൂർ, തൂത്തുക്കുടി, രാമനാഥപുരം എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്കല്‍പട്ടു, കാഞ്ചീപുരം, കടലൂർ, ചെന്നൈ എന്നിവിടങ്ങളിൽ സ്കൂളുകൾക്ക് മാത്രമാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്‌.


മദ്രാസ് യൂണിവേഴ്സിറ്റിയും അണ്ണാ യൂണിവേഴ്സിറ്റിയും പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 


അതേസമയം, കനത്ത മഴയെത്തുടർന്ന് കടലൂർ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നുള്ള 800 ഓളം പേരെ ഒഴിപ്പിച്ചതായി മന്ത്രി ആർ ബി ഉദയകുമാർ പറഞ്ഞു.


സംസ്ഥാന ദുരന്ത നിവാരണ സേന ചെന്നൈ, കന്യാകുമാരി, നീലഗിരി, തിരുവള്ളൂർ, കാഞ്ചീപുരം, ദിണ്ടിഗുൾ ജില്ലകളിലേക്ക് തിരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


കനത്ത മഴയെത്തുടര്‍ന്ന്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മാത്രമല്ല നിര്‍ത്താതെ പെയ്യുന്ന മഴ കാരണം ചെന്നൈയില്‍ വീടുകളില്‍ വെള്ളം കേറിയിട്ടുണ്ട്.


 



 


പടിഞ്ഞാറന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പിനെ തുടര്‍ന്ന്‍ കേരളത്തില്‍ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്‌. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.