റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ മൂന്നര വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ച മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജയിലില്‍ പുതിയ ഉത്തരവാദിത്തം. 


COMMERCIAL BREAK
SCROLL TO CONTINUE READING

റാഞ്ചിയിലെ ബിര്‍സ മുണ്ടാ ജയിലിലെ ഉദ്യാനപാലകനായാണ് ലാലുവിന്‍റെ ചുമതല. ദിവസക്കൂലിയായി 93 രൂപയും ലഭിക്കും. 


നേരത്തെ, കേസിന്‍റെ വിധിപ്രഖ്യാപന സമയത്ത് ലാലുവിനെ ജഡ്ജ് ട്രോളിയിരുന്നു. ലാലുവിനും കൂട്ടർക്കും ജയിലിൽ ഇനി പശുവിനെ വളർത്താമെന്നായിരുന്നു ജഡ്ജിയുടെ പരിഹാസം. പശു വളർത്തലിൽ മുൻ പരിചയം ഉണ്ടല്ലോയെന്നും ജഡ്ജി ചോദിച്ചു. 


വിധി പ്രഖ്യാപനത്തെ സമചിത്തതയോടെ നേരിട്ട ലാലു രൂക്ഷമായ ഭാഷയില്‍ ബി.ജെ.പിയെ വിമര്‍ശിച്ചു. "പിന്തുടരുക അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ ശരിപ്പെടുത്തുമെന്ന ബി.ജെ.പിയുടെ ലളിത നിയമം പിന്തുടരുന്നതിനേക്കാള്‍ സാമൂഹ്യനീതിക്കും, ഒത്തൊരുമയ്ക്കും, തുല്യതയ്ക്കുമായി സന്തോഷത്തോടെ ഞാന്‍ മരിക്കും," എന്ന് ട്വിറ്ററില്‍ ലാലു പ്രതികരണം രേഖപ്പെടുത്തി. 


കേസിലെ ശിക്ഷാവിധി തന്നെ ഭയപ്പെടുത്തുന്നില്ലെന്നും തന്‍റെ രാഷ്ട്രീയ ആദര്‍ശങ്ങള്‍ ബി.ജെ.പിക്ക് മുന്നില്‍ ബലി കഴിക്കില്ലെന്നും ലാലു വ്യക്തമാക്കി.