ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉറിയില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്‌ബുള്‍ മുജാഹിദീന്‍ ഭീകരന്‍ അബ്ദുള്‍ ഖയൂം നജാറിനെ സൈന്യം വധിച്ചു. മൊബൈല്‍ ടവറുകള്‍ തകര്‍ക്കുന്നതില്‍ വിദഗ്ദ്ധനായ നജാര്‍ മൊബൈല്‍ ഫോണ്‍ ഭീകരനെന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. ഇയാളുടെ തലയ്ക്ക് പത്തുലക്ഷം രൂപയാണ് വിലയിട്ടിരുന്നത്.


ഉറിയിലെ ലച്ചിപ്പോറവഴി നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭീകരനെ സൈന്യം വധിച്ചത്. 50 ഓളം കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഇയാളാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുള്ള വിവരം. പോലീസുകാര്‍ അടക്കമുള്ളവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയിട്ടുള്ളത്. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകര സംഘടനയുടെ നേതൃത്വം ഏറ്റെടുക്കാനാണ് ഇയാള്‍ കശ്മീരിലേക്ക് വന്നതെന്നാണ് കരുതുന്നത്. ഹിസ്ബുള്‍ മുജാഹിദീനില്‍നിന്ന് തെറ്റിപ്പിരിഞ്ഞ ഭീകരര്‍ ഉള്‍പ്പെട്ട ലഷ്‌കര്‍ ഇ ഇസ്‌ലാം എന്ന ഭീകര സംഘടനയുടെ തലവനായിരുന്നു ഇയാള്‍. 16-മത്തെ വയസ്സില്‍ ഇയാള്‍ ഭീകര പ്രവര്‍ത്തനം തുടങ്ങിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.