ബംഗളൂരു: തന്‍റെ മതത്തെ രക്ഷിക്കാനാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ഗൗരിലങ്കേഷിനെ കൊലപ്പെടുത്തിയതെന്ന് പ്രതി പരശുറാം വാഗ്മോറിന്‍റെ കുറ്റസമ്മതം. കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിനിടെയാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

26 വയസ്സുള്ള പരശുറാം വാഗ്മോര്‍ പറയുന്നതനുസരിച്ച് കൊല നടത്തിയ സമയം ആരെയാണ് കൊല്ലുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും 2017 സെപ്റ്റംബര്‍ 5 നാണ് ഗൗരിലങ്കേഷിനെ കൊന്നതെന്നുമാണ്‌. ഹിന്ദുമതത്തെ രക്ഷിക്കാന്‍ ഒരു കൊലപാതകം നടത്തണമെന്ന് തന്നെ സമീപിച്ചവര്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ഞാനത് സമ്മതിച്ചുവെന്നും. കൊലപാതകം നടത്തിയ ശേഷമാണ് അത് ഗൗരിലങ്കേഷ് എന്ന സ്ത്രീയാണെന്ന് മനസ്സിലായതെന്നും, പക്ഷെ ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നുണ്ട് ഒരു സ്ത്രീയെ കൊല്ലരുതായിരുന്നുവെന്നും പരശുറാം പ്രത്യേക അന്വേഷണ സംഘത്തിനോട് കുറ്റസമ്മതം നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 


തന്നെ സെപ്റ്റംബര്‍ മൂന്നിന് ബംഗളൂരുവില്‍ എത്തിക്കുകയും കൊലയ്ക്കുള്ള പരിശീലനം നല്‍കി എന്നും പരശുറാം വ്യക്തമാക്കുന്നുണ്ട്. ബംഗളൂരുവിലെത്തി മുറിയെടുത്ത ശേഷം ബൈക്കിലെത്തിയ മറ്റൊരാള്‍ കൊല നടത്തേണ്ട വീട് കാണിച്ച് തന്നു. പിറ്റെ ദിവസം മറ്റൊരു മുറിയിലെത്തുകയും സെപ്റ്റംബര്‍ അഞ്ചിന് ആര്‍.ആര്‍ നഗറിലെ ഗൗരി ലങ്കേഷിന്‍റെ വീടിന് മുന്നിലെത്തിക്കുകയായിരുന്നുവെന്നും ഇയാള്‍ മൊഴിനല്‍കിയിട്ടുണ്ട്. 


ഗൗരിലങ്കേഷ് വീടിന് മുന്നിലെത്തിയ സമത്ത് തന്നെയാണ് ഞങ്ങളും അവിടെയെത്തിയത്. ഗേറ്റിന് മുന്നിലെത്തിയ ഗൗരി കാറില്‍ നിന്നും ഇറങ്ങി. തുടര്‍ന്ന് ഗേറ്റ് തുറക്കുകയായിരുന്ന അവരുടെ അരികിലേയ്ക്ക് അയാള്‍ ചെന്ന് നാല് വട്ടം വെടിയുതിര്‍ത്തു.  കൊലപാതകം നടത്തി അന്ന് രാത്രി തന്നെ നഗരം വിട്ടുവെന്നും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്. 


പരശുറാം അടക്കം മൂന്ന് പേരാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. പക്ഷെ മറ്റ് മൂന്ന് പേര്‍ ആരാണെന്ന് തനിക്കറിയില്ലെന്നാണ് പരശുറാം നല്‍കിയ മൊഴി.