ന്യൂഡല്‍ഹി: ഇന്റര്‍കണക്ഷന്‍ ചാര്‍ജ് ഇനത്തില്‍ അമിത തുക ഈടാക്കിയതിന് 2.97 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഐഡിയ സെല്ലുലാറിനോട് ട്രായ് നിര്‍ദ്ദേശിച്ചു. ബി.എസ്.എന്‍.എല്‍ എം.ടി.എന്‍.എല്‍ നെറ്റ് വര്‍ക്കുകളിലേക്ക് വിളിച്ചതിന് തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നും അമിത തുക ഈടാക്കിയതിനെ തുടര്‍ന്നാണ് നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

2005 മേയ് മാസം മുതല്‍ 2007 ജനുവരിയുള്ള കാലയളവിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. 2005ല്‍ മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ടെലികോം ഓപ്പറേറ്റര്‍മാരുടെ ലൈസന്‍സില്‍ ട്രായ് മാറ്റം വരുത്തിയിരുന്നു. ഇത് പ്രകാരം ഈ സംസ്ഥാനങ്ങള്‍ക്കകത്ത് മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക് വിളിക്കുന്ന കോളുകള്‍ ലോക്കല്‍ കോളുകളുടെ പരിധിയില്‍ പെടുത്തുമെന്ന് പറഞ്ഞിരുന്നു. ഈ നിര്‍ദ്ദേശം ലംഘിച്ച്‌ ഉയര്‍ന്ന ചാര്‍ജ് ഈടാക്കിയതിനെ തുടര്‍ന്നാണ് ട്രായുടെ നടപടി.


ഇതിനെത്തുടര്‍ന്ന് വിധിക്കെതിരെ ടെലികോം ഓപ്പറേറ്റര്‍മാരുടെ സംഘടന സുപ്രീം കോടതിയെ സമീപിച്ചെങ്കിലും 2015ല്‍ ഈ ഹര്‍ജി തള്ളി. പിന്നീട് ഉപഭോക്താക്കള്‍ക്ക് പണം തിരിച്ച്‌ നല്‍കുന്നത് പ്രായോഗികമല്ലെന്നും 2005ല്‍ നടന്ന കോള്‍ രേഖകള്‍ തങ്ങളുടെ പക്കലില്ലെന്നും ഐഡിയ നിലപാടെടുത്തു.


എന്നാല്‍ ഉപഭോക്താക്കളില്‍ നിന്ന് അധികമായി ഈടാക്കിയ തുക ഉപഭോക്താക്കള്‍ക്ക് തിരിച്ചു നല്‍കുന്നതിന് ആവശ്യമായ കോള്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ ഈ തുക ടെലികോം ഉപഭോക്താക്കളുടെ വിദ്യാഭ്യാസ സംരക്ഷണ ഫണ്ടിലേക്ക് (ടി.സി.ഇ.പി.എഫ്) നിക്ഷേപിക്കണമെന്നും ട്രായ് നിര്‍ദ്ദേശിച്ചു.