ന്യൂഡല്‍ഹി: ചര്‍ച്ചയും തീവ്രവാദവും ഒരുമിച്ച്‌ കൊണ്ടുപോകാനാവില്ല, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന്‍റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അത്ര നല്ല മനുഷ്യനാണെങ്കില്‍ ആദ്യം ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ഇന്ത്യയ്‌ക്ക് വിട്ടുതരട്ടെയെന്നും സുഷമ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന്‍ ആദ്യം അവരുടെ മണ്ണില്‍ തീവ്രവാദത്തിനെതിരെ നടപടിയെടുക്കട്ടെ, ചര്‍ച്ചയും തീവ്രവാദവും ഒരുമിച്ച്‌ കൊണ്ടുപോകാനാവില്ല, അവര്‍ കൂട്ടിച്ചേര്‍ത്തു. മോദി സര്‍ക്കാരിന്‍റെ വിദേശകാര്യ നയത്തെപ്പറ്റി സംസാരിക്കുകയായിരുന്നു അവര്‍.  


"ജെയ്‌ഷെ മുഹമ്മദിനു വേണ്ടി പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യയെ എന്തിന് ആക്രമിക്കണം?​ ജെയ്‌ഷെ മുഹമ്മദിനെ സ്വന്തം മണ്ണില്‍ വച്ചുപൊറുപ്പിക്കുക മാത്രമല്ല പാക്കിസ്ഥാന്‍ ചെയ്യുന്നത്, അവര്‍ക്ക് വളരാന്‍ വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും കൂടിയാണ് ചെയ്യുന്നത്. എന്നിട്ട് അവരുടെ ഇരയാകുന്ന രാജ്യം തിരിച്ചടിക്കുമ്പോള്‍ നിങ്ങള്‍ ഇത്തരം തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് വേണ്ടി വീണ്ടും അക്രമം നടത്തുന്നു", അവര്‍ പറഞ്ഞു. 



ഭീകരവാദവും സമാധാന ചര്‍ച്ചയും ഒരുമിച്ച്‌ കൊണ്ടുപോകാനാവില്ല, നാം തീവ്രവാദത്തെപ്പറ്റി ചര്‍ച്ചയല്ല നടത്താനുദ്ദേശിക്കുന്നത്‌, മറിച്ച് നടപടിയാണ് ആഗ്രഹിക്കുന്നത്.  


മറ്റു രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ ഫോണ്‍ വരാറുണ്ടെന്നും, ഇന്ത്യ ഒരിക്കലും പാക്കിസ്ഥാനുമായുള്ള ബന്ധം വഷളാക്കില്ല എന്നാണ് തങ്ങളുടെ വിശ്വാസമെന്നും എല്ലാവരും ഉറപ്പിച്ചു പറയാറുണ്ട് എന്നും സുഷമ സ്വരാജ് പറഞ്ഞു. എന്നാല്‍, ഇന്ത്യ പാക്കിസ്ഥാനുമായുള്ള ബന്ധം വഷളാക്കില്ല, പക്ഷെ, ആക്രമിച്ചാല്‍ ഉറപ്പായും തിരിച്ചടി നല്‍കുമെന്നും അവര്‍ പറഞ്ഞു.