ചെന്നൈ: തീവണ്ടികൾ വൈകിയാൽ ഇനി ടെന്‍ഷന്‍ അടിക്കണ്ടാ പകരം 138 എന്ന ടോൾഫ്രീ നമ്പറിൽ പരാതിപ്പെടണമെന്ന് ദക്ഷിണ റെയിൽവേ. ഈ നമ്പറിൽ വിളിച്ചാൽ എന്തുകൊണ്ടാണ് വണ്ടി വൈകുന്നതെന്ന് കൃത്യമായി അറിയിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

138-ലേക്ക് വിളിക്കുന്നവരുടെ പരാതികൾ കേൾക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വിവരം നൽകാനുമായി പ്രത്യേക കൺട്രോൾമുറികൾ പ്രവർത്തിക്കുന്നുണ്ടെന്ന് ദക്ഷിണ റെയിൽവേ ഓപ്പറേഷൻ വിഭാഗം അറിയിച്ചു.


തീവണ്ടിയാത്രയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ഈ നമ്പറിൽ അറിയിക്കാമെന്നും എന്നാൽ, ഇതിൽ വിളിക്കുന്നവരുടെ എണ്ണം കുറവാണെന്നും അധികൃതർ പറഞ്ഞു. തീവണ്ടിയിൽ വെള്ളമില്ലെന്നാണ് നിങ്ങളുടെ പരാതിയെങ്കിൽ അടുത്ത റെയിൽവേ സ്റ്റേഷനില്‍ നിന്നും വെള്ളം നിറച്ചശേഷമേ തീവണ്ടി യാത്രപുറപ്പെടൂ. വിളിക്കുമ്പോൾ ടിക്കറ്റിന്‍റെ പി.എൻ.ആർ. നമ്പറും തീവണ്ടിയുടെ നമ്പറും അറിയിക്കണം. എല്ലാ റെയിൽവേ ഡിവിഷനുകൾ കേന്ദ്രീകരിച്ചും പരാതി പരിഹരിക്കാനുള്ള കൺട്രോൾമുറി പ്രവർത്തിക്കുന്നുണ്ട്.


ദക്ഷിണ റെയിൽവേയിൽ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ തീവണ്ടികൾ വൈകിയോടുന്നത് പതിവാണ്. പാതനവീകരണം പൂർത്തിയായിട്ടില്ലെന്നാണ് റെയിൽവേയുടെ വിശദീകരണം. ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ട് തീവണ്ടികൾ വൈകുന്നുണ്ടോയെന്ന് അറിയാനാണ് 138-ൽ വിളിച്ച് പരാതിപ്പെടാൻ അധികൃതർ ആവശ്യപ്പെടുന്നത്. ഈ നമ്പറിൽ വിളിച്ചിട്ടും കൃത്യമായ മറുപടി ലഭിച്ചില്ലെങ്കിൽ ദക്ഷിണറെയിൽവേയുടെ പരാതിപരിഹാര സെല്ലിൽ എഴുതി അയയ്ക്കാം.


സുരക്ഷാസംബന്ധമായ പരാതികൾക്ക് വിളിക്കേണ്ട നമ്പർ 182 ആണ്. യാത്രയുമായി ബന്ധപ്പെട്ട ഏത് പരാതിയും അരമണിക്കൂറിനുള്ളിൽ പരിഹരിക്കുമെന്നാണ് ദക്ഷിണറെയിൽവേ അവകാശപ്പെടുന്നത്.