പാറ്റ്ന: ബിഹാറില്‍ ലാലു പ്രസാദ്‌ യാദവിന് ഇതു സമയ മോശം. ഇന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ഭാര്യ റാബ്രിദേവി, മകന്‍ തേജസ്വി യാദവ്, മകള്‍ മിസ ഭാരതി എന്നിവരെ അഞ്ചു മണിക്കൂറിലേറെ സമയം  ചോദ്യംചെയ്തു. ബിനാമി സ്വത്തിടപാട് ഉണ്ടെന്ന് ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഇത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രാവിലെ പത്തോടെയാണ് ആദായനികുതി വകുപ്പ് ഓഫീസില്‍ ഇവര്‍ ചോദ്യംചെയ്യലിന് ഹാജരായത്. സുരക്ഷാ കാരണങ്ങളാലാണ്  ഇവരെ ചോദ്യംചെയ്യുന്ന വിവരം രഹസ്യമായി സൂക്ഷിച്ചിരുന്നത് എന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.


അതേസമയം പുതിയ ആരോപണവുമായി ആര്‍.ജെ.ഡി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ലാലു പ്രസാദ് യാദവിന്‍റെ കുടുംബത്തിനെതിരെ ബി.ജെ.പി ആദായനികുതി വകുപ്പിനെ ദുരുപയോഗപ്പെടുത്തുകയാണെന്ന് പാര്‍ട്ടി വക്താക്കള്‍ പറഞ്ഞു. 


ബി.ജെ.പിക്കെതിരെ 16 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ അണിനിരത്തി പട്‌നയില്‍ വന്‍ റാലി സംഘടിപ്പിച്ചതിന്‍റെ പക തീര്‍ക്കലാണ് ഇതെന്നും മുതിര്‍ന്ന ആര്‍.ജെ.ഡി നേതാവ് പറഞ്ഞു.