ഹേഗ്​: ചാരവൃത്തി ആരോപിച്ച് കുൽ​ഭൂ​ഷ​ൻ ജാ​ദ​വിന് വധശിക്ഷ വിധിച്ച പാകിസ്താന്‍ കോടതിയുടെ നടപടി നിയമ വിരുദ്ധമാണെന്ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ത്യ ആവർത്തിച്ചു. അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ഇന്ത്യയ്ക്കുവേണ്ടി ഹാജരായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുൽഭൂഷണ്​ അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. ജാദവുമായി ബന്ധപ്പെടാൻ ഇന്ത്യൻ ഒട്ടേറെത്തവണ ശ്രമിച്ചിട്ടും പാക്കിസ്ഥാൻ അതിനു തയാറായില്ല. വിയന്ന കരാറിലെ ആർട്ടിക്കിൾ 36ന്‍റെ ലംഘനമാണിത്. ജാദവിന്‍റെ അറസ്റ്റിനെക്കുറിച്ച് പാക്കിസ്ഥാൻ ഇന്ത്യയെ അറിയിച്ചിരുന്നില്ല. കുൽഭൂഷണിന്‍റെ കുടുംബം നൽകിയ വീസ അപേക്ഷയിൽ ഇതുവരെയും നടപടിയെടുത്തിട്ടില്ല. 


പാക്കിസ്ഥാന്‍റെ പക്കലുള്ള തെളിവുകൾക്ക് വിശ്വാസ്യതയില്ല. കേസ് അന്താരാഷ്ട്ര കോടതി പരിഗണിക്കുന്നതിനു മുമ്പുതന്നെ അദ്ദേഹത്തെ പാക്കിസ്ഥാൻ തൂക്കിലേറ്റിയിരിക്കാമെന്ന സംശയവും ഇന്ത്യ ഉന്നയിച്ചു. ഈ കാര്യത്തില്‍ ആശങ്കയുണ്ടെന്നും സാൽവെ ചൂണ്ടിക്കാട്ടി.


 



 


ഹേഗിലെ കോടതിയിൽ വാദം തുടരുകയാണ്. പതിനൊന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇരു രാജ്യങ്ങൾക്കും 90 മിനിറ്റു വീതമാണ് വാദങ്ങൾ ഉന്നയിക്കാൻ സമയം നൽകിയിരിക്കുന്നത്. ഇന്ത്യയുടെ വാദമായിരുന്നു ആദ്യത്തേത്. വൈകിട്ടുതന്നെ ഇതുസംബന്ധിച്ച് അന്തിമ ഉത്തരവ് ഉണ്ടാകുമെന്നാണ് കരുതുന്നത്.