New Delhi: ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്  (India-China border issue) അയവ്...  സേന പിന്മാറ്റത്തിനൊരുങ്ങി ഇന്ത്യയും ചൈനയും. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് ഘട്ടങ്ങളിലായാണ് ഇരു രാജ്യങ്ങളും സൈനിക പിന്മാറ്റം നടത്തുക. നവംബര്‍ 6ന് ചുഷുലില്‍ നടന്ന എട്ടാം കോര്‍പ്‌സ് കമാന്‍ഡര്‍ ചര്‍ച്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സേനാ പിന്‍മാറ്റത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ധാരണയിലെത്തിയത്. 


ചര്‍ച്ചയില്‍ വിദേശകാര്യമന്ത്രാലയ മന്ത്രാലയ ജോയിന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവ, ഡയറക്ടറേറ്റ് ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ബ്രിഗേഡിയര്‍ ഘായ്, എന്നിവരാണ് പങ്കെടുത്തത്. ഒരാഴ്ചയ്ക്കകം അതിര്‍ത്തിയില്‍ നിന്ന് സേനയെ പിന്‍വലിക്കാനുള്ള രൂപ രേഖ തയാറാക്കി. 


ചര്‍ച്ച അനുസരിച്ച്  ഈ വര്‍ഷം ഏപ്രിലിലും മെയിലുമുണ്ടായിരുന്ന സ്ഥിത് പുന:സ്ഥാപിക്കാനാണ് തീരുമാനം.  മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന സേന പിന്മാറ്റത്തില്‍ ടാങ്കുകള്‍, കവചിത വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ LACയില്‍നിന്നും  നിശ്ചിത അകലത്തിലേക്ക് മാറ്റേണ്ടതുണ്ട്. 


രണ്ടാംഘട്ടത്തില്‍ പാന്‍ഗോങ്  തടാകത്തിന്‍റെ വടക്കന്‍ തീരത്ത് നിന്ന് സേന പിന്‍ വാങ്ങണം. കരാര്‍ അനുസരിച്ച്‌ മൂന്ന് ദിവസംകൊണ്ട് ഇരുപക്ഷവും 30%  സൈനികരെ ദിവസേന പിന്‍വലിക്കേണ്ടതാണ്. മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ പാംഗോങ് തടാകത്തിന്‍റെ  തെക്കന്‍ തീരം ഉള്‍പ്പെടുന്ന (ചുഷുള്‍, റെസാങ് ലാ പ്രദേശങ്ങള്‍) അതത് സ്ഥാനങ്ങളില്‍ നിന്ന് സേന പിന്മാറേണ്ടതാണ്.


അതേസമയം, ഇന്ത്യ അതിര്‍ത്തിയിലെ ദോക് ലാ മേഖലയില്‍ ചൈന തുരങ്കപാത നിര്‍മ്മിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. മഞ്ഞുകാലത്തും അതിര്‍ത്തിയിലേക്കുള്ള യാത്ര സുഗമമാക്കുന്ന മെറുഗ് ലാ പാസിലൂടെ ദോക് ലാമില്‍ എത്തുന്നതിനായി ചൈന തുരങ്കപാത നിര്‍മിക്കുന്നതായുള്ള ഉപഗ്രഹദൃശ്യങ്ങള്‍ 2019ല്‍ തന്നെ പുറത്തുവന്നിരുന്നു. ടണലിന്‍റെ നീളം 500 മീറ്റര്‍ കൂട്ടിയതായുള്ള ദൃശ്യങ്ങള്‍ കഴിഞ്ഞ മാസവും പുറത്തുവിട്ടിരുന്നു.


ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇരു രാജ്യങ്ങളുടേയും സൈന്യങ്ങള്‍ അതിര്‍ത്തിയില്‍ നിന്ന് പിന്‍വലിയാന്‍ സമ്മതിക്കുന്നതോടെ സംഘര്‍ഷത്തിന് അയവുവരുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.  


അതിര്‍ത്തിയില്‍ നിന്ന് ഇരു രാജ്യങ്ങളും സൈന്യങ്ങളെയും പിന്‍വലിക്കുന്നത് സംബന്ധിച്ച നടപടികള്‍ വിലയിരുത്തുന്നതിന് ഒരു സംഘത്തെയും നിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്‌.  ആളില്ലാ വാഹനങ്ങളും ഇതേ ദൗത്യത്തിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. 


Also read: അതിര്‍ത്തിയില്‍ ചൈനീസ് സൈനിക നീക്കം, കൂടുതല്‍ സൈനികരെ വിന്യസിച്ച് ഇന്ത്യ....


ഗല്‍വാന്‍  താഴ്‌വരയില്‍  ഇന്ത്യ-ചൈന സൈന്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതോടെ ഇന്ത്യ അതിര്‍ത്തി തര്‍ക്കത്തെ ഏറെ  ഗൗരവത്തോടെയാണ് കാണുന്നത്.