ന്യൂഡല്‍ഹി: ഇന്ത്യ-ചൈന രണ്ടാം അനൗദ്യോഗിക ചര്‍ച്ച നടക്കാനിരിക്കെ ജമ്മുകശ്മീര്‍ വിഷയത്തില്‍ ചൈനയുടെ നിലപാടില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഐക്യരാഷ്ട്രസഭ പ്രമേയത്തിന്‍റെ അടിസ്ഥാനത്തില്‍ ജമ്മുകശ്മീര്‍ വിഷയം പരിഹരിക്കണമെന്ന് വീണ്ടും ചൈന നിലപാടെടുത്തതില്‍ കടുത്ത അതൃപ്തിയുണ്ടെന്ന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.


കശ്മീരില്‍ ഏകപക്ഷീയ നടപടികള്‍ പാടില്ലെന്നും പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങിനെ കണ്ടശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. 


ഇതിനു പിന്നാലെ ഇന്ത്യയുടെ ആഭ്യന്തരവിഷയത്തില്‍ ആരും ഇടപെടേണ്ടെന്ന്‍ ആവര്‍ത്തിച്ച് വിദേശകാര്യമന്ത്രാലയം മറുപടി നല്‍കിയിരുന്നു. 


ജമ്മുകശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇക്കാര്യം ചൈനയ്ക്ക് അറിയാമെന്നും മറ്റ് രാജ്യങ്ങള്‍ കശ്മീരിനെക്കുറിച്ച് നിലപാട് പറയുന്നതില്‍ നിന്ന് മാറി നില്‍ക്കണമെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിശദീകരണം.  


അതേസമയം കശ്മീര്‍ വിഷയം ചൈന സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പാക്കിസ്ഥാന്‍ താല്‍പര്യത്തിനെ പിന്തുണക്കുമെന്നും ഷീ ചിന്‍പിങ്ങ് പറഞ്ഞതായി ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.  


കശ്മീര്‍ വിഷയത്തില്‍ ശരിയും തെറ്റും വ്യക്തമാണെന്നും ഇരു രാജ്യങ്ങളും സമാധാനപരമായ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഷീ ചിന്‍പിങ്ങ് പാക്‌ പ്രധാനമന്ത്രിയോട് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ ഉണ്ട്.