ന്യൂഡല്‍ഹി: പഞ്ചാബ് നാഷ്ണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കോടികളുമായി രാജ്യം വിട്ട മെഹുല്‍ ചോക്‌സിയെ വിട്ടുതരണമെന്ന് ആന്‍റിഗ്വയോട് ആവശ്യപ്പെട്ട് ഇന്ത്യ. നേരത്തെ ചോക്‌സിയെ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യ ആന്‍റിഗ്വയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചോക്‌സിയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഔദ്യോഗികമായി അപേക്ഷ നല്‍കിയത്. അതേസമയം, ചോക്‌സിയുടെ പൗരത്വം റദ്ദ് ചെയ്യില്ലെന്ന് ആന്റിഗ ഇന്ത്യയെ അറിയിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ ഏജന്‍സികള്‍ ക്ലിയറന്‍സ് നല്‍കിയതിനുശേഷമാണ് തങ്ങള്‍ ചോക്‌സിക്ക് പൗരത്വം അനുവദിച്ചതെന്നും ഇത് റദ്ദാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ആന്‍റിഗ്വ വ്യക്തമാക്കി. എന്നിരുന്നാലും ചോക്‌സിക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളതിനാല്‍ ഇന്ത്യയുടെ ആവശ്യം പരിഗണിക്കാമെന്നും ആന്‍റിഗ്വ അറിയിച്ചിരുന്നു.


2017 മെയിലാണ് ചോക്‌സി പൗരത്വത്തിനായി അപേക്ഷിച്ചതെന്നും അതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നെന്നുമുള്ള ആന്‍റിഗ്വ സര്‍ക്കാരിന്‍റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മുംബൈയിലെ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് ചോക്‌സിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്.


13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ചോക്‌സിയും നീരവ് മോദിയും കുടുംബസമേതം ജനുവരിയിലാണ് രാജ്യം വിട്ടത്. ഇതിനു രണ്ടാഴ്ചയ്ക്ക് ശേഷമാണ് പിഎന്‍ബിയുടെ തട്ടിപ്പിനെക്കുറിച്ചു പുറംലോകം അറിയുന്നത്.