ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ മറികടന്ന് നടത്തിയ മിന്നലാക്രമണത്തില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. കൂടാതെ ഒരു പാക് സൈനികന് പരിക്കേറ്റതായും വാര്‍ത്തയുണ്ട്. പാക് മാധ്യമങ്ങളാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം ഇന്ത്യ നിയന്ത്രണരേഖ മറികടന്ന വിവരം പാകിസ്താന്‍ സമ്മതിച്ചിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

പാക് റേഞ്ചേഴ്‌സിലെ ശിപായിമാരായ സജ്ജാദ്, അബ്ദുള്‍ റെഹ്മാന്‍, എം. ഉസ്മാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ശിപായി ആയ അത്സാസ് ഹുസൈനാണ് പരിക്കേറ്റത്. നിയന്ത്രണരേഖ മറികടന്ന് ആക്രമണം നടത്താന്‍ ഉത്തരവ് നല്‍കിയിരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നിയന്ത്രണ രേഖയില്‍ ദിവസങ്ങളായി ഇന്ത്യാ പാക് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടുന്നുണ്ട്. 


പാക് അധീന കശ്മീരിലെ റാവല്‍കോട്ട് സെക്ടറിലുള്ള സൈനികരാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് പാകിസ്താന്‍ പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നത്.


ഉറി ആക്രമണത്തിന്​ തിരിച്ചടിയായി 2016 ൽ സൈന്യം നടത്തിയ സർജിക്കൽ ​സ്​ട്രൈക്കിനെ ഓർമ്മിപ്പിക്കും വിധമുള്ള ആക്രമണമായിരുന്നു ഇന്ത്യൻ ​സൈന്യം നടത്തിയത്. 


കഴിഞ്ഞ 23ന് ജമ്മു കാശ്മീരില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച്‌ ഇന്ത്യയുടെ സൈനിക പോസ്റ്റിനു നേരെ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ നാല് ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. കാശ്മീരിലെ കെറി സെക്ടറിലാണ് വെടിവയ്പുണ്ടായത്. യാതൊരു പ്രകോപനവും ഇല്ലാതിരുന്ന സാഹചര്യത്തില്‍ പാകിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നു.