മുംബൈ: ഇൻഫോസിസ് ലിമിറ്റഡിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, മാനേജിങ് ഡയറക്ടർ പദവികളിൽനിന്നു വിശാൽ സിക്ക രാജിവച്ചു. വിശാൽ സിക്ക എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ പദവിയിൽ തുടരുമെന്ന് കമ്പനി സെക്രട്ടറി എ.ജി.എസ് മണികന്ദ വ്യക്തമാക്കി. യു.ബി പ്രവീൺ റാവുവിനെ ഇടക്കാല സിഇഒ ആയി നിയമിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇൻഫോസിസിന്‍റെ ഓഹരികളിൽ വലിയ ഇടിവുണ്ടായതിനു പിന്നാലെയാണ് വിശാൽ സിക്കയുടെ രാജി. സിക്കയുടെ പ്രവർത്തികളിൽ മുൻ ചെയർമാൻ നാരായണമൂർത്തിയടക്കം പലതവണ അതൃപ്തി അറിയിച്ചിരുന്നു. ആരോപണങ്ങളിൽ മനംമടുത്താണ് രാജിയെന്ന് സിക്ക കത്തിൽ പറയുന്നു. 


എന്നാല്‍ പുതിയ സിഇഒയെ നിയമിക്കും വരെ സിക്കയ്ക്ക് എംഡിയുടെയും സിഇഒയുടെയും അധികച്ചുമതല ഉണ്ടായിരിക്കുമെന്ന് ഇൻഫോസിസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. തന്ത്രപരമായ കാര്യങ്ങളിൽ മുൻകരുതലെടുക്കുക, ഉപഭോക്താക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക, സാങ്കേതികമേഖലയിലെ വികസനം തുടങ്ങിയവയായിരിക്കും സിക്കയുടെ പുതിയ ചുമതലകൾ. ഇൻഫോസിസിന്‍റെ ബോർഡിനായിരിക്കും സിക്ക റിപ്പോർട്ടു ചെയ്യേണ്ടത്. ഇടക്കാല സിഇഒ, എംഡി പദവികളിൽ നിയമിക്കപ്പെട്ട പ്രവീൺ റാവു, വിശാല്‍ സിക്കയ്ക്കായിരിക്കണം റിപ്പോർട്ട് ചെയ്യേണ്ടതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.