ശ്രീഹരിക്കോട്ട: ഐഎസ്ആർഒ തദ്ദേശീയമായി വികസിപ്പിച്ച നൂറാമത് ഉപഗ്രഹവുമായി പിഎസ്എൽവി സി - 40 ബഹിരാകാശത്തേയ്ക്ക്. ഭൗമനിരീക്ഷണത്തിനുള്ള കാർട്ടോസാറ്റ് - 2 സീരീസിലെ ഏഴാമത് ഉപഗ്രഹത്തോടൊപ്പം വിദേശരാജ്യങ്ങളുടേതുൾപ്പടെ 30 ഉപഗ്രഹങ്ങളാണ്പേടകത്തിലുള്ളത്. ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി കെ ശിവൻ സ്ഥാനമേൽക്കുന്ന ദിവസം തന്നെയാണ് ചരിത്രവിക്ഷേപണം.


കാർട്ടോഗ്രഫിയെന്നാൽ ഭൂപടങ്ങളുടെ പഠനം. കാർട്ടോഗ്രഫിയിലെ ആദ്യ അക്ഷരങ്ങൾ കടമെടുത്ത് അതിനൊപ്പം സാറ്റലൈറ്റ് അഥവാ ഉപഗ്രഹം എന്ന വാക്ക് കൂടി ചേർത്താണ് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുടെ സിരീസായ കാർട്ടോസാറ്റിന് ആ പേര് നൽകിയത്. ഹൈ റെസല്യൂഷൻ സ്പോട്ട് ഇമേജറി ലക്ഷ്യമിട്ടുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ് - 2 വാണ് പേടകത്തിലെ പ്രധാനപ്പെട്ട അംഗം. ഈ സീരീസിലെ ഏഴാമത് ഉപഗ്രഹം ബഹിരാകാശത്തേയ്ക്ക് കുതിയ്ക്കാനൊരുങ്ങുമ്പോൾ ഐഎസ്ആർഒയിൽ ആശങ്ക പ്രകടമായിരുന്നു.  കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന ഐഎസ്ആർഒയുടെ IRNSS-1H ന്‍റെ അവസാന വിക്ഷേപണം പരാജയമായിരുന്നു.