ചെന്നൈ: തൈപ്പൊങ്കൽ ദിനമായ ഇന്ന് തമിഴ്നാട്ടിലെ ആവണിയപുരത്ത് നടന്ന ജല്ലിക്കട്ട് മത്സരത്തിനിടെ 22 പേർക്ക് പരിക്കേറ്റു. മത്സരത്തിൽ പങ്കെടുത്ത ആറ് പേർക്കും കാണാനെത്തിയ 16 പേർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ 22 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മധുരയിലെ ഏറ്റവും പ്രസിദ്ധമായ മൂന്ന് ജല്ലിക്കട്ട് മത്സരങ്ങളിലൊന്ന് നടക്കുന്നത് ആവണിയപുരത്താണ്. മൃഗക്ഷേമ ബോർഡിന്‍റെ കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ജല്ലിക്കട്ട് മത്സരങ്ങൾ നടക്കുന്നത്.


10  മെഡിക്കൽ സംഘങ്ങളുൾപ്പടെ മൃഗങ്ങൾക്കും മത്സരാർഥികൾക്കും വേദിയിൽ ചികിത്സാസൗകര്യങ്ങളൊരുക്കണമെന്നാണ് ചട്ടം. 500 പൊലീസുദ്യോഗസ്ഥരടക്കം കർശനസുരക്ഷാ സന്നാഹങ്ങളും വേദിയ്ക്ക് പുറത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. 


പരമ്പരാഗതമായി തമിഴ്നാട്ടിലെ ജനങ്ങൾ കൊണ്ടാടുന്ന ഒരു വിനോദമാണ് ജല്ലിക്കെട്ട്. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ പൊങ്കൽ നാളുകളിലാണ് ഈ വിനോദം നടക്കുന്നത്. നാല് ദിവസം കൊണ്ടാടുന്ന പൊങ്കൽ ഉത്സവത്തിലെ മാട്ടുപൊങ്കൽ നാളിലാണ് ഈ വിനോദം അരങ്ങേറുന്നത്. മധുരയിലെ പാലമേട് ജല്ലിക്കട്ട് നാളെയാണ് നടക്കുക. മറ്റന്നാളാണ് ഏറ്റവും പ്രസിദ്ധമായ അളങ്കനല്ലൂർ ജല്ലിക്കട്ട്.