ന്യൂഡല്‍ഹി: ജെഎന്‍യു കാമ്പസിനു മുന്നില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം ഒടുവില്‍ ഫലം കണ്ടു!


COMMERCIAL BREAK
SCROLL TO CONTINUE READING

ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ച തീരുമാനം റദ്ദാക്കാന്‍ ജെഎന്‍യു എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ തീരുമാനമായി. വിദ്യാഭ്യാസ സെക്രട്ടറി ആര്‍. സുബ്രഹ്മണ്യം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 


സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മറ്റു പദ്ധതികള്‍ നടപ്പാക്കുമെന്നും ക്ലാസിലേക്ക് മടങ്ങാന്‍ സമയമായെന്നും ആര്‍സുബ്രഹ്മണ്യം തന്റെ ട്വീറ്റില്‍ കുറിച്ചു.


വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന മുറിയുടെ വാടക ഇരുപത് രൂപയില്‍ നിന്നും അറുന്നൂറ്  രൂപയാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ആഴ്ചയായി ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ സമരത്തിലാണ്. 


 



 


കൂടാതെ, ഹോസ്റ്റലുകളില്‍ പ്രവേശിക്കുന്ന സമയത്തില്‍ മാറ്റം വരുത്തിയതിലെ അതൃപ്തി വിദ്യാര്‍ത്ഥികള്‍ രേഖാമൂലം വൈസ് ചാന്‍സലറെ അറിയിച്ചിരുന്നു. 


ഉയര്‍ന്ന ഫീസ്‌ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. 


എന്നാല്‍, സര്‍വകലാശാലയുടെ സാമാധാനാന്തരീക്ഷത്തെ തകര്‍ക്കാനായി സമരക്കാര്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുകയാണെന്നായിരുന്നു സര്‍വകലാശാല അധികൃതരുടെ വാദം.


ഫീസ് വര്‍ധന, ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം, വസ്ത്രത്തിന് പ്രത്യേക കോഡ് തുടങ്ങിയ നയങ്ങള്‍ക്കെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിനു പിന്തുണ നല്‍കി പൂര്‍വ വിദ്യാര്‍ത്ഥികളു൦ രംഗത്തെത്തിയിരുന്നു. 


ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉള്‍പ്പടെ പങ്കെടുക്കുന്ന ബിരുദ ദാനചടങ്ങ് ബഹിഷ്‌കരിച്ച് വിദ്യാര്‍ഥികള്‍ കാമ്പസില്‍ പ്രകടനം നടത്തിയിരുന്നു. 


ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി രമേഷ് പൊക്രിയാലിനെ തടഞ്ഞ വിദ്യാര്‍ത്ഥികള്‍ ചടങ്ങ് നടക്കേണ്ടിയിരുന്ന വേദിയ്ക്ക് സമീപ൦ തമ്പടിച്ച് പ്രതിഷേധം അറിയിക്കുകയായിരുന്നു. 


പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തിരുന്നു. യൂണിവേഴ്‌സിറ്റി പുറപ്പെടുവിച്ച പുതിയ ഉത്തരവ് പിന്‍വലിക്കും വരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലായിരുന്നു വിദ്യാര്‍ത്ഥികള്‍. 


ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വകലാശാല അടച്ചിടുകയും ചെയ്തിരുന്നു.