ജവഹർലാൽ നെഹ്റു സര്‍വ്വകലാശാലയിലെ അദ്ധ്യാപകനെതിരെ വീണ്ടും ലൈംഗികാരോപണം. തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് വനിതാ ഗവേഷക വിദ്യാര്‍ത്ഥിയുടെ ആരോപണം.


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തകാലത്തായി ജെഎന്‍യുവില്‍ നിന്നുണ്ടായ മൂന്നാമത്തെ ലൈംഗികാരോപണ കേസാണിത്.


സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ഡിപ്പാര്‍ട്ട്മെന്റിലെ പ്രൊഫസര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനുശേഷം തല്ലുകയും ചെയ്തുവെന്ന് പിഎച്ച്ഡി വിദ്യാര്‍ത്ഥിനി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.


പരാതിയുടെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കമ്മീഷണർ മിലിന്ദ് ഡുംപ്രേ പ്രതിയ്ക്കെതിരെ ഐപിസി 354, 506, 509 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.


'ഇത് സംബന്ധിച്ച് ഇന്നലെയാണ് പൊലീസിന് പരാതി ലഭിച്ചത്. പരാതി ലഭിച്ച ഉടന്‍ തന്നെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു'. മിലിന്ദ് ഡുംപ്രേ വ്യക്തമാക്കി.


അതേസമയം പരാതി പൊലീസ് സ്റ്റേഷനില്‍ നേരിട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ലെന്ന് ജെഎൻയു സ്റ്റുഡന്റ്സ് യൂണിയനും (ജെ.എൻ.യു.എസ്.യു), ലൈംഗിക പീഡനത്തിനെതിരെയുള്ള സെൻസിറ്റൈസേഷൻ കമ്മിറ്റി എന്നിവര്‍ സൂചിപ്പിച്ചു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണെന്ന്‍ ജെ.എൻ.യു.എസ്.യു പ്രസിഡന്റ് ഗീതാ കുമാരി പറഞ്ഞു.