ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെസംബന്ധിച്ചിടത്തോളം ഇത് ബുദ്ധിമുട്ടുള്ള സമയമാണെന്നും ഈ അവസ്ഥ മാറുമെന്നും നിതിന്‍ ഗഡ്കരി!!


COMMERCIAL BREAK
SCROLL TO CONTINUE READING

"ചിലപ്പോൾ സന്തോഷം, ചിലപ്പോൾ ദു:ഖം, ഇതാണ് ജീവിത ചക്രം. ഈ അവസ്ഥയും കടന്നുപോകും", നാഗ്പൂരില്‍ വിദർഭ വ്യവസായ അസോസിയേഷന്‍റെ 65-ാം സ്ഥാപന ദിവസത്തില്‍ സംസാരിക്കവേ അദ്ദേഹം അഭിപ്രായപ്പെട്ടു. 


ഓട്ടോമൊബൈൽ മേഖലയെ പ്രത്യേകം പരാമര്‍ശിച്ച അദ്ദേഹം, വിഷമിക്കേണ്ട ആവശ്യമില്ല എന്നും, ഇത് ബുദ്ധിമുട്ട് നിറഞ്ഞ സമയമാണെന്നും ഇതും കടന്നുപോകുമെന്നും അദ്ദേഹം പറഞ്ഞു.


അടുത്തിടെ താന്‍ വാഹന നിർമാതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അവര്‍ അല്പം അസ്വസ്ഥരായിരുന്നുവെന്നും ഗഡ്കരി പറഞ്ഞു. "ഇതാണ് ജീവിത ചക്രം. ചിലപ്പോൾ ഇതിൽ സന്തോഷം, ചിലപ്പോൾ ദുഃഖം", ഇതാണ് തനിക്ക് വാഹന നിർമാതാക്കളോട് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


അതേസമയം, സമ്പദ്‌വ്യവസ്ഥയെ കൈപിടിച്ചുയര്‍ത്താന്‍ നിരവധി പുതിയ സാമ്പത്തിക പരിഷ്ക്കരണ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ചുവരുന്നതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


ഉൽപാദന ഗുണനിലവാരം ഉറപ്പാക്കി ഇന്ത്യൻ ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടാൻ വാണിജ്യ മന്ത്രാലയം രൂപരേഖ തയാറാക്കുമെന്നും കയറ്റുമതി ഉൽപന്നങ്ങൾക്ക് ഇന്ത്യയിൽ നടത്തേണ്ട പരിശോധനകളുടെ ചിലവു കുറയ്ക്കാൻ പൊതു– സ്വകാര്യ പങ്കാളിത്തത്തോടെ സംവിധാനമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.


അതേസമയം, പണലഭ്യത കൂട്ടാനുള്ള നടപടികൾ പൊതുമേഖലാ ബാങ്ക് മേധാവികളുമായി ഈ മാസം 19ന് ചർച്ച ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി. പലിശ നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് സ്വീകരിക്കുന്ന നടപടികളുടെ മെച്ചം ഇടപാടുകാരിൽ ഉടനടി എത്തിക്കാനുള്ള മാര്‍ഗ്ഗങ്ങളും ചര്‍ച്ചയാവും.