ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയോളം തന്നെ പഴക്കമുണ്ട് ഈ പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കും തമ്മിലടിയും. പാര്‍ട്ടിയുടെ ഇന്നത്തെ ദുരവസ്ഥയ്ക്കുള്ള മുഖ്യ കാരണവും അതുതന്നെ.


COMMERCIAL BREAK
SCROLL TO CONTINUE READING

15 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം കഴിഞ്ഞ വര്‍ഷമാണ്‌ മധ്യപ്രദേശില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി അധികാരത്തിലെത്തിയത്. ആഹ്ലാദിക്കാന്‍ വലിയ ഭൂരിപക്ഷം പാര്‍ട്ടി നേടിയിട്ടില്ല എന്നത് മറ്റൊരു വസ്തുത. നേരിയ ഭൂരിപക്ഷം നേടി അധികാരത്തിലേറും മുന്‍പ് തന്നെ മുഖ്യമന്ത്രി കസേരയ്ക്കായി തര്‍ക്കം നടന്നിരുന്നു കമല്‍നാഥ് പക്ഷവും സിന്ധ്യാപക്ഷവും തമ്മില്‍. ഒടുക്കം വിജയം കമല്‍നാഥിനൊപ്പമായിരുന്നു.


അതേസമയം, പിസിസി അദ്ധ്യക്ഷനായ കമല്‍നാഥ് മുഖ്യമന്ത്രി ആകുമ്പോള്‍ സ്വാഭാവികമായും സിന്ധ്യ പിസിസി അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടും എന്നായിരുന്നു സിന്ധ്യാപക്ഷത്തിന്‍റെ കണക്കുകൂട്ടല്‍. എന്നാല്‍ ഒന്നും സംഭവിച്ചില്ല. നിലവില്‍ മുഖ്യമന്ത്രിതന്നെയാണ് പിസിസി അദ്ധ്യക്ഷ പദവിയും വഹിക്കുന്നത്. 


എട്ടുമാസമായിട്ടും പിസിസി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിയാന്‍ കമല്‍ നാഥ് തയ്യാറാവാത്തതിനെ തുടര്‍ന്നാണ് 
സംസ്ഥാന അദ്ധ്യക്ഷ പദവിയ്ക്കായി സിന്ധ്യപക്ഷ൦ മുറവിളികൂട്ടിതുടങ്ങിയത്. ഈ പ്രശ്നമാണ് ഇപ്പോള്‍ മധ്യപ്രദേശില്‍ മൂര്‍ധന്യത്തിലെത്തി നില്‍ക്കുന്നത്. 


അതേസമയം, ഈ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി കമല്‍നാഥ്‌ ഡല്‍ഹിയില്‍ എത്തിയിരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി നേരില്‍ക്കണ്ട് അദ്ദേഹം ചര്‍ച്ച നടത്തി. സംസ്ഥാന അദ്ധ്യക്ഷ പദവി ഒഴിയുമെന്നാണ് അദ്ദേഹം സൂചന.  


തന്നെ പിസിസി അദ്ധ്യക്ഷനാക്കിയില്ലെങ്കില്‍ മറ്റു വഴികള്‍ നോക്കുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്‌ തൊട്ടുപിന്നാലെയാണ് കമല്‍നാഥിന്‍റെ നടപടി. ഇതോടെ മധ്യപ്രദേശ് കോണ്‍ഗ്രസിലെ പ്രതിസന്ധിയ്ക്ക് താത്കാലിക വിരാമമായി.  


"പുതിയ അദ്ധ്യക്ഷനെ നിയമിക്കുന്ന കാര്യത്തില്‍ ജ്യോതിരാദിത്യ സിന്ധ്യക്ക് രോഷമുണ്ടെന്ന് തോന്നുന്നില്ല. സോണിയ ഗാന്ധിയുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി" കമല്‍നാഥ് മാധ്യമങ്ങളോട് പറഞ്ഞു. പിസിസിക്ക് പുതിയ അദ്ധ്യക്ഷനെ നിയമിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.


ഇനി മധ്യപ്രദേശില്‍ പിസിസി അദ്ധ്യക്ഷനായി ജ്യോതിരാദിത്യ സിന്ധ്യയെ നിയമിക്കുമോ അത് മറ്റാരെങ്കിലും കൈയടക്കുമോ? കാത്തിരുന്ന്‍ കാണാം...