ബേഗുസരായ്: ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ശ്രദ്ധ നേടിയിരിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ബീഹാറിലെ ബേഗുസരായ്. അതിന് കാരണവുമുണ്ട്, ബിജെപിയിലെ മുതിര്‍ന്ന നേതാവായ ഗിരിരാജ് സിംഗ് ഈ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ അതിലുപരി മറ്റൊന്നുകൂടിയുണ്ട് ഈ മണ്ഡലം ദേശീയ ശ്രദ്ധ നേടാന്‍! ഈ മണ്ഡലത്തില്‍ ഗിരിരാജ് സിംഗ് നേരിടുന്നത് ജെ.എന്‍.യു യൂണിയന്‍ മുന്‍ പ്രസിഡന്‍റ് കനയ്യകുമാറിനെയാണ് എന്നതുതന്നെ.


എന്നാല്‍, തുടക്കത്തില്‍ കനയ്യകുമാറിന് ലഭിച്ച പിന്തുണയില്‍ ഇടിവ് സംഭവിച്ചുവെന്നുവേണം കരുതാന്‍. കാരണം, യുവനേതാവിന്‍റെ റോഡ് ഷോയ്ക്കിടെ പ്രദേശവാസികളായ ഒരു സംഘം യുവാക്കള്‍ കനയ്യകുമാറിനെതിരെ കരിങ്കൊടി ഉയര്‍ത്തി മുദ്രാവാക്യം വിളികളുമായി എത്തിയത്തന്നെയാണ് അതിന് കാരണം. മണ്ഡലത്തിലെ ഗദ്പുര ബ്ലോക്കിലെ കൊറയ് ഗ്രാമത്തില്‍ നടന്ന റോഡ് ഷോയ്ക്കിടെയാണ് സംഭവം. 


എന്നാല്‍, സിപിഐ പ്രവര്‍ത്തകര്‍ ഇതിനെ ചോദ്യം ചെയ്യുകയും, തുടര്‍ന്ന് ഇരു കക്ഷികളും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തു. പിന്നീട് പൊലീസ് സംഘം സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. 


അതേസമയം, മണ്ഡലത്തിലും യുവാക്കള്‍ക്കിടയിലും കനയ്യകുമാറിന് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. അതിന് ഏറ്റവും ശക്തമായ തെളിവാണ് തിരഞ്ഞെടുപ്പിനായി കനയ്യകുമാര്‍ നടത്തിയ ഫണ്ട് ശേഖരണം. തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒരു രൂപ ചോദിച്ച കനയ്യകുമാറിന് മണിക്കൂറുകള്‍ക്കുള്ളില്‍ ലഭിച്ചത് 28 ലക്ഷം രൂപയാണ്. 


തിരഞ്ഞെടുപ്പ് ചിലവുകള്‍ക്കായി 70,00,000രൂപയായിരുന്നു ലക്ഷ്യം. ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷ്യം നേടുകയും ചെയ്തു. രാഷ്ട്രീയത്തിന്‍റെ പുതിയമുഖം എന്ന നിലയ്ക്കായിരുന്നു കനയ്യ ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം കണ്ടെത്താന്‍ തീരുമാനിച്ചത്. കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്നല്ല മറിച്ച് സാധാരണക്കാരില്‍ നിന്നാണ് പണം സ്വീകരിക്കുന്നതെന്ന് കനയ്യ വ്യക്തമാക്കി. സംഭാവന നല്‍കുന്നവരുടെ പേരും തുകയുമെല്ലാം സൈറ്റില്‍ കൃത്യമായി കൊടുക്കുമെന്നും കനയ്യ പറഞ്ഞിരുന്നു. 


ബിഹാറിലെ ഇടത് സംഘടനകളുടെ പൊതു സ്ഥാനാര്‍ത്ഥിയായാണ് കനയ്യകുമാര്‍ ജനവിധി തേടുന്നത്.


ഒരു വശത്ത് യുവനേതാവെങ്കില്‍ മറുവശത്ത് മുതിര്‍ന്ന നേതാവ്.... ഒപ്പം രണ്ടു വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടം.... ദേശീയ ശ്രദ്ധനേടി ബേഗുസരായ് മണ്ഡലം... ഈ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് എന്തായാലും രോമഞ്ചകരം തന്നെ...