ബംഗളൂരു: മോദിയെയും അമിത്ഷായെയും അനുസരിക്കുകയും ഭരണഘടനയെ എതിര്‍ത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കര്‍ണാടക ഗവര്‍ണര്‍ രാജിവെക്കണമെന്നവശ്യപ്പെട്ട് സംസ്ഥാന മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ.


COMMERCIAL BREAK
SCROLL TO CONTINUE READING

കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ്. മുഖ്യമന്ത്രിയായി അധികാരമേറ്റ യെദ്യൂരപ്പ വിശ്വാസം തെളിയിക്കാന്‍ ഏഴുദിവസം ചോദിച്ചപ്പോള്‍ ഗവര്‍ണര്‍ 15 ദിവസം നല്‍കി. ഇത് ബി.ജെ.പിയുമായുള്ള ഗൂഢാലോചനയുടെ വ്യക്തമായ തെളിവാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.


സുപ്രീം കോടതിയുടേത് ചരിത്ര വിധിയാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഭരണഘടനയില്‍ ഗവര്‍ണറുടെ പങ്ക് വളരെ പ്രധാനമാണെന്നും അദ്ദേഹത്തിന് പക്ഷഭേദമുണ്ടാകരുതെന്നും പറഞ്ഞു. എന്നാല്‍ കര്‍ണാടകയില്‍ സ്ഥിതി വ്യത്യസ്തമാണെന്നും ഗവര്‍ണര്‍ ബി.ജെ.പിക്ക് അനുകൂലമായ തീരുമാനങ്ങളാണെടുക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു. 


തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യമായാലും ഭൂരിപക്ഷമുണ്ടെങ്കില്‍ പരിഗണിക്കണമെന്നാണ് സുപ്രീംകോടതിയുടെ നേരത്തെയുള്ള വിധി വ്യക്തമാക്കുന്നത്. എന്നാല്‍ വേണ്ട രേഖകളെല്ലാം കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം സമര്‍പ്പിച്ചിട്ടും ഗവര്‍ണര്‍ നടപടിക്രമം പാലിച്ചില്ലെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. 


ഭരണഘടനാപരമായ കീഴ്വഴക്കങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട്, ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും എങ്ങിനെ പ്രീതിപ്പെടുത്താം എന്ന ചിന്തയാണ് ഇപ്പോള്‍ കര്‍ണാടക ഗവര്‍ണറെ ഏറ്റവുമധികം അലട്ടുന്നതെന്ന് കര്‍ണാടകയില്‍ നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഒന്നിന് പിന്നാലെ മറ്റൊന്നായി തെളിയിച്ചുകൊണ്ടിരിക്കുകയാണ്.