ബംഗളൂരു: കര്‍ണാടകയില്‍ ബിജെപിയുടെ വക നന്ദിപ്രകടനം!!


COMMERCIAL BREAK
SCROLL TO CONTINUE READING

കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് വാഗ്ദാനം ചെയ്ത് ബിജെപി!! 


കര്‍ണാടക മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പയുടേതാണ് ഈ വാഗ്ദാനം. കോണ്‍ഗ്രസ്‌-ജെഡിഎസ് സഖ്യത്തില്‍ ഉടലെടുത്ത വിമത നീക്കം ഒടുക്കം എംഎല്‍എമാരുടെ രാജിയില്‍ കലാശിക്കുകയായിരുന്നു. കോണ്‍ഗ്രസ്‌, ജെഡിഎസ് നേതൃനിര ആവത്‌ ശ്രമിച്ചിട്ടും വിമതരെ തിരികെ പാളയത്തില്‍ എത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഒടുക്കം സ്പീക്കര്‍ ഇവരെ അയോഗ്യരാക്കുകയായിരുന്നു. 


ഇത്തരത്തില്‍ അയോഗ്യരാക്കപ്പെട്ട കോണ്‍ഗ്രസ്, ജനതാദള്‍ വിമത എംഎല്‍എമാര്‍ക്കാണ് യെദ്യൂരപ്പ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്!!


അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്ക് ടിക്കറ്റ് നല്‍കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണെന്ന് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയതായും യെദ്യൂരപ്പ പറഞ്ഞു.


വിമത എംഎല്‍എമാരുടെ ശബ്ദമാണ് ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി ബിജെപി സര്‍ക്കാര്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് അധികാരത്തിലേറാന്‍ കാരണമായത്. അതിനാല്‍ തിരഞ്ഞടുപ്പില്‍ ബിജെപി സീറ്റില്‍ മത്സരിക്കാന്‍ അവര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ പ്രഥമ പരിഗണന അവര്‍ക്ക് നല്‍കുമെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.


കര്‍ണാടക വിമത എംഎല്‍എമാരെ അയോഗ്യരാക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ഉപതിരഞ്ഞെടുപ്പ് ഉടനെ നടക്കില്ല. അയോഗ്യതക്കെതിരെ സമർപ്പിച്ച ഹര്‍ജിയിൽ തീരുമാനമാകും വരെ തിരഞ്ഞെടുപ്പ് നീണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്പീക്കര്‍ അയോഗ്യത കല്‍പിച്ചതിനെ തുടര്‍ന്ന് കൂറുമാറിയ എംഎ‍ല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജി അടുത്ത മാസം 22ന് പരിഗണിക്കും.