ചിത്രാംഗര്‍: ഏറെ നാളത്തെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കുമൊടുവില്‍ റിലീസ് ചെയ്ത സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവത് പ്രദര്‍ശനത്തിന് എത്തിയെങ്കിലും കർണി സേനയുടെ പ്രതിഷേധം അവസാനിക്കുന്നില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

തങ്ങളുടെ അമ്മയായ പദ്മാവതിയെ അപമാനിച്ച സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ അമ്മയുടെ പേരില്‍ ചലച്ചിത്രം നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുകയാണ് രജപുത് കർണി സേന. 'ലീല കി ലീലാ' എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്.


ചിത്രാംഗറില്‍ നടത്തിയ ഒരു പത്രസമ്മേളനത്തിലാണ് കർണി സേന ജില്ലാ പ്രസിഡന്‍റ് ഗോവിന്ദ് സിങ് ഖൻഗാരോട്ട് ഇക്കാര്യം സൂചിപ്പിച്ചത്. അരവിന്ദ് വ്യാസാണ്  ചിത്രത്തിന്‍റെ സംവിധാനം. തിരക്കഥ ഉള്‍പ്പടെ തയ്യാറാക്കി കഴിഞ്ഞുവെന്നും ഖൻഗാരോട്ട് അറിയിച്ചു.


'രാജസ്ഥാനിലായിരിക്കും ചിത്രീകരണം ആരംഭിക്കുക. അടുത്ത 15 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രത്തിന്‍റെ പൂജ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ആരംഭിക്കും. അടുത്ത വർഷം സിനിമ റിലീസ് ചെയ്യും'. ഖാൻഗാരോട്ട് കൂട്ടിച്ചേര്‍ത്തു.


അതേസമയം പദ്മാവതിയെ ബന്‍സാലി അപമാനിച്ചെങ്കിലും 'ലീല കി ലീലാ' എന്ന സിനിമയെക്കുറിച്ച് ബന്‍സാലിയ്ക്ക് അഭിമാനിക്കാമെന്നും കർണി സേന ഉറപ്പ് നല്‍കുന്നുണ്ട്. രാജ്യത്ത് എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം നൽകുന്നതുപോലെ, ഇത് തങ്ങളുടെ അവകാശമാണെന്നും അത് പൂർണ്ണമായും ഉപയോഗിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.