ബംഗളൂരു: ഗൗരി ലങ്കേഷിന്‍റെ യഥാർത്ഥ കൊലയാളികള്‍ ഇനിയും പിടിക്കപ്പെട്ടിട്ടില്ലെന്ന് സഹോദരി കവിതാ ലങ്കേഷ്. അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കുമാരസ്വാമിയെ കാണുമെന്ന് കവിതാ ലങ്കേഷ് പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ പരശുറാം വാഗ്മോറെ എന്നയാളെ കഴിഞ്ഞ ആഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ വാഗ്നൊറെക്കും പിന്നിൽ ആളുകളുണ്ടെന്നാണ് ഗൗരി ലങ്കേഷിന്‍റെ സഹോദരിയായ കവിതാ ലങ്കേഷിന്‍റെ വാദം.


വാസ്തവങ്ങൾ പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകർക്ക് എന്തുതരം സുരക്ഷയാണ് രാജ്യമൊരുക്കേണ്ടതെന്ന് ഇനിയെങ്കിലും ചിന്തിക്കണമെന്നും കവിതാ ലങ്കേഷ് പറഞ്ഞു. ഗൗരി മുന്നോട്ട് വച്ച ആശയങ്ങൾ കൂടുതൽ പേരിലേക്കെത്തിക്കാൻ വേണ്ടി ഒരു മുഴുനീള ചലച്ചിത്രത്തിന്‍റെ പണിപ്പുരയിലാണ് താനെന്ന് സംവിധായിക കൂടിയായ കവിതാ ലങ്കേഷ് അറിയിച്ചു. ഗൗരി ലങ്കേഷിന് മരണാനന്തര ബഹുമതിയായി നൽകുന്ന ഡോ. മുഹമദ്ദലി എൻഡോവ്മെന്റ് അവാർഡ് തിരുവനന്തപുരത്ത് ഏറ്റുവാങ്ങുകയായിരുന്നു കവിതാ ലങ്കേഷ്. 


2017 സെപ്റ്റംബര്‍ 5 നാണ് ഗൗരിലങ്കേഷ് കൊലചെയ്യപെട്ടത്.