ബംഗളൂരു: രാജ്യത്ത് കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് കഴിയാന്‍ അനുയോജ്യമായ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്തെന്ന് പഠനം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോജക്ട് നന്‍ഹി കലി, നാന്ദി ഫൗണ്ടേഷന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ സംയുക്തമായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. രണ്ടാം സ്ഥാനത്ത് മിസോറമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും 600 ജില്ലകളിലായി 74,000 കൗമാരക്കാരികള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. ആയിരത്തോളംപേര്‍ ചേര്‍ന്നാണ് സര്‍വേ നടത്തിയത്. നഗരങ്ങളില്‍ ഒന്നാം സ്ഥാനത്ത് മുംബൈയും രണ്ടാം സ്ഥാനത്ത് കൊല്‍ക്കത്തയും മൂന്നാം സ്ഥാനത്ത് ബംഗളൂരുവുമാണ്.


81 ശതമാനം പേരും പഠിക്കുന്നവരാണെന്നും ഇതില്‍ കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ കൗമാരക്കാരികളില്‍ 100 ശതമാനം പേരും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തി.


നഗരപ്രദേശങ്ങളിലെ 87 ശതമാനം കൗമാരക്കാരികളും പഠിക്കുന്നവരാണ്. ഗ്രാമപ്രദേശങ്ങളിലെ 78 ശതമാനം മാത്രമാണ് പഠിക്കുന്നത്. 96 ശതമാനം കൗമാരക്കാരികളുടെയും വിവാഹം കഴിഞ്ഞിട്ടില്ലെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 40 ശതമാനം പേര്‍ തുറസ്സായ സ്ഥലത്ത് പ്രാഥമിക കൃത്യങ്ങള്‍ നടത്തുന്നതായും സര്‍വേയില്‍ പറയുന്നു.