മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി പദവിയ്ക്കായുള്ള ബിജെപി-ശിവസേന തര്‍ക്കത്തില്‍ ശിവസേനയെ പിന്തുണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് കത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സർക്കാർ രൂപീകരിക്കാൻ സഹായംതേടി ശിവസേന വരികയാണെങ്കിൽ പിന്തുണ നൽകണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ഹുസൈൻ ദൽവായാണ് കത്തയച്ചത്. 


ബി.ജെ.പിയും ശിവസേനയും തമ്മിൽ വ്യത്യാസമുണ്ടെന്നും രാഷ്ട്രപതി സ്ഥാനത്തേക്ക് മുൻ കോൺഗ്രസ് നേതാക്കളായ പ്രതിഭാ പാട്ടീൽ, പ്രണബ് മുഖർജി എന്നിവരെ ശിവസേന പിന്തുണച്ചിരുന്നുവെന്നും ദൽവായ് കത്തിൽ ചൂണ്ടിക്കാട്ടി.


എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്​ ശിവസേനയുടെ രാഷ്​ട്രീയമെന്നും ബിജെപിയെ പോലെ തീവ്രചിന്താഗതിക്കാരല്ല അവരെന്നും കത്തില്‍ പറയുന്നു. 


എന്നാല്‍, ശിവസേനയെ പിന്തുണക്കുന്നത് സംബന്ധിച്ച് കോൺഗ്രസിൽ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 


സാഹചര്യങ്ങൾ അനുകൂലമായി വരികയാണെങ്കിൽ ശിവസേനയെ കൂടെനിർത്തി സർക്കാറുണ്ടാക്കുന്നതിനെപ്പറ്റി ആലോചിക്കണമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. 


എന്നാല്‍, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ മല്ലികാർജുൻ ഖാർകെ, സുശീൽകുമാർ ഷിൻഡെ, സഞ്​ജയ്​ നിരുപം എന്നിവർ ഇതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയാണ്. 


അധികാരം തുല്യമായി പങ്കിടാമെന്ന് ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ്  അമിത്ഷാ-ഉദ്ധവ് താക്കറയ്ക്ക് ഉറപ്പ് നല്‍കിയിരുന്നതായാണ് ശിവസേനയുടെ അവകാശ വാദം.


50:50 അനുപാതപ്രകാരം അധികാരം പങ്കുവയ്ക്കാമെന്ന് ഔദ്യോഗിക ലെറ്റർപാഡിൽ മുതിർന്ന ബിജെപി നേതാക്കൾ ഒപ്പിട്ടു നൽകണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ശിവസേന.


എന്നാല്‍, ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയും ആദിത്യ താക്കറെ ഉപമുഖ്യമന്ത്രിയുമായി തീരണമെന്ന നിര്‍ദേശമാണ് ബിജെപി മുന്നോട്ട് വച്ചിരിക്കുന്നത്. 


അധികാരം തുല്യമായി വിഭജിച്ചാലും മുഖ്യമന്ത്രിപദം വിട്ടുനൽകി സേനയുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നാണ് ബിജെപിയുടെ നിലപാട്.