ന്യൂഡല്‍ഹി: ഭരണത്തിന്‍റെ നാലാം വര്‍ഷത്തിലേയ്ക്ക് കടക്കുന്ന കേന്ദ്ര സര്‍ക്കാരിന് സദുപദേശം നല്‍കി ഘടകകക്ഷിയായ എല്‍.ജെ.പിയുടെ നേതാവ് രാംവിലാസ് പാസ്വാന്‍. എന്‍.ഡി.എ മുന്നണിയിലെ പ്രധാന ഘടകകക്ഷിയാണ് എല്‍.ജെ.പി.  


COMMERCIAL BREAK
SCROLL TO CONTINUE READING

ശിവസേനക്കും ടി.ഡി.പിക്കും പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെതിരേ ഇപ്പോള്‍ എല്‍.ജെ.പിയുടെ രംഗപ്രവേശം.
മുസ്‌ലിംവിരുദ്ധ പ്രതിച്ഛായ കേന്ദ്രസര്‍ക്കാര്‍ എത്രയും വേഗം മാറ്റിയെടുക്കണമെന്നും കൂടുതല്‍ പക്വതയോടെയും മാന്യതയോടെയും എന്‍.ഡി.എ ഇടപെടണമെന്നും കേന്ദ്രമന്ത്രികൂടിയായ രാംവിലാസ് പാസ്വാന്‍ ആവശ്യപ്പെട്ടു. 


കേന്ദ്രസര്‍ക്കാര്‍ മുസലിം-ന്യൂനപക്ഷവിരുദ്ധമാണ് എന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. ഈ പ്രതിച്ഛായ മാറ്റണം. വിവാദ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് എന്‍.ഡി.എ നേതാക്കള്‍ അകന്നു നില്‍ക്കണം. അടുത്തിടെ പുറത്തുവന്ന ഉപതെരഞ്ഞെടുപ്പു ഫലങ്ങളുടെ പശ്ചാത്തലത്തില്‍ നേതാക്കള്‍ കൂടുതല്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കണമെന്നും പാസ്വാന്‍ ആവശ്യപ്പെട്ടു.


പ്രത്യേക വിഭാഗത്തിനെതിരേ എന്‍.ഡി.എയിലെ ചിലനേതാക്കള്‍ നടത്തുന്ന വിവാദ പ്രസ്താവനകളില്‍ അദ്ദേഹം ആശങ്ക അറിയിക്കുകയും ചെയ്തു. പറ്റ്നയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. 


കേന്ദ്രം ഭരിക്കുന്ന മുന്നണിയായ എന്‍.ഡി.എയില്‍ ബി.ജെ.പി കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ശിവസേന ഇനിമുതല്‍ എന്‍.ഡി.എയില്‍ ഉണ്ടാവില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. മുന്നണിയിലെ മൂന്നാമത്തെ കക്ഷിയായ ടി.ഡി.പി കഴിഞ്ഞയാഴ്ച എന്‍.ഡി.എക്കുള്ള പിന്തുണ പന്‍വലിക്കുകയും ചെയ്തു. 


ടി.ഡി.പിക്കു കഴിഞ്ഞാല്‍ എന്‍.ഡി.എയിലെ നാലാമത്തെ വലിയ കക്ഷിയാണ് ആറു ലോക്‌സഭാംഗങ്ങളുള്ള രാവിലാസ് പാസ്വാന്‍റെ എല്‍.ജെ.പി. നാലു ലോക്‌സഭാംഗങ്ങളുള്ള അകാലിദളും കഴിഞ്ഞയാഴ്ച കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ എല്‍.ജെ.പി കൂടി സര്‍ക്കാരിനെതിരേ തുറന്നടിച്ചത് അടുത്തവര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബി.ജെ.പിക്കു ഇതൊരു കനത്ത പ്രഹരമാണ്.