ഭോപ്പാല്‍:   മൂന്നു മാസത്തോളം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മധ്യപ്രദേശില്‍ മന്ത്രിസഭാ വിപുലീകരണം നടന്നിരിയ്ക്കുകയാണ്....


COMMERCIAL BREAK
SCROLL TO CONTINUE READING

മാര്‍ച്ച് 23നാണ് ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.  കോവിഡ് പ്രതിസന്ധി കാലത്ത് ഒരു മാസത്തോളം ഏകാംഗ മന്ത്രിസഭയായിരുന്നു  മധ്യപ്രദേശിനെ നയിച്ചത്. പ്രതിപക്ഷത്ത് നിന്നും കോണ്‍ഗ്രസ് വന്‍ വിമര്‍ശനം ഉയര്‍ത്തിയതോടെ ചൗഹാന്‍ ആദ്യഘട്ട മന്ത്രിസഭാ രൂപീകരണം  ഏപ്രില്‍ 21ന് നടത്തിയിരുന്നു. 5 പേരാണ് അന്ന് സത്യപ്രതിജ്ഞ ചെയത് അധികാരമേറ്റത്‌.  


അതിനു ശേഷം മാസങ്ങള്‍ നീളുന്ന  ചര്‍ച്ചകള്‍ക്ക് ശേഷം  28 പുതിയ മന്ത്രിമാര്‍ അധികാരമേറ്റു. ഇന്ന് സത്യപ്രതിജ്ഞ ചെയ്തവരില്‍ 12 പേര്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പമെത്തിയവരാണ് എന്നതാണ്   ഏറ്റവും വലിയ പ്രത്യേകത.


ജൂണ്‍ 30നായിരുന്നു  മധ്യപ്രദേശ് മന്ത്രിസഭാ വിപുലീകരണ൦  ശിവരാജ്  സിംഗ്  ചൗഹാന്‍  പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, 2 ദിവസം കേന്ദ്ര നേതാക്കളുമായി  ചര്‍ച്ച നടത്തി മടങ്ങിയെത്തിയ  മുഖ്യമന്ത്രി  മന്ത്രിസഭാ വിപുലീകരണ൦ സംബന്ധിച്ച പ്രത്യേക പ്രഖ്യാപനമൊന്നും  നടത്തിയില്ല. 


മുഖ്യമന്ത്രിയുടെ നിലപാടുകളോട് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനുള്ള വിയോജിപ്പാണ്  മന്ത്രിസഭാ വിപുലീകരണം  വൈകുന്നതിനുള്ള കാരണമെന്നും എം.എല്‍.എമാരില്‍ ആരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്നതില്‍  ആശയക്കുഴപ്പമാണെന്നും സൂചനകള്‍ പുറത്തു വന്നിരുന്നു. ആ സൂചനകള്‍ ശരി വയ്ക്കും വിധമാണ് ഇപ്പോള്‍ മധ്യപ്രദേശ് ബിജെപിയിലെ കാര്യങ്ങള്‍.  


സിന്ധ്യയ്ക്കൊപ്പമെത്തിയവരെ മന്ത്രിസഭയിൽ ഉൾക്കൊള്ളിച്ചതിനെച്ചൊല്ലിയുള്ള   സംസ്ഥാന ബിജെപി നേതാക്കൾക്കിടയിലെ   അതൃപ്തി മറ നീക്കി പുറത്തു വരികയാണ്‌. 


ബി.ജെ.പിയിലെ പ്രമുഖ നേതാക്കളും മന്ത്രിപദവിക്ക് വേണ്ടി ചരടുവലി നടത്തിയിരുന്നു.  എന്നാല്‍, സംസ്ഥാനത്തെ പല മുതിർന്ന  നേതാക്കളെയും തഴഞ്ഞാണ് കോൺഗ്രസിൽ നിന്നെത്തിയവർക്ക് മന്ത്രിസ്ഥാനം നൽകിയിരിക്കുന്നത്. മുതിർന്ന നേതാക്കളെ മന്ത്രിസ്ഥാനത്തേക്ക് 
പരിഗണിക്കാതിരുന്നത് നല്ല ആശയമല്ലെന്ന് ബിജെപി നേതാവായ ഗോപാൽ ഭാർഗവ പരസ്യമായി പറഞ്ഞിരിയ്ക്കുകയാണ്.


കഴിഞ്ഞ ദിവസം ശിവരാജ് സിംഗ് ചൗഹാന്‍  ജ്യോതിരാദിത്യ സിന്ധ്യയുമായി ചര്‍ച്ച  നടത്തിയിരുന്നു. ശേഷമാണ് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായത്.