COMMERCIAL BREAK
SCROLL TO CONTINUE READING

ന്യൂഡല്‍ഹി: മഹാരാഷ്ട്രയും ഹരിയാനയും നിയമസഭ തിരഞ്ഞെടുപ്പ് ചൂടില്‍!! ഇരു സംസ്ഥാനങ്ങളിലും ഇന്ന് ജനവിധി നടക്കുകയാണ്. 


രാവിലെ 7 മണിക്കാരംഭിച്ച പോളിംഗ് വൈകുന്നേരം 6 മണിവരെ തുടരും. എന്നാല്‍ ഇരു സംസ്ഥാനങ്ങളിലും തുടക്കത്തില്‍ പോളിംഗ് മന്ദഗതിയിലെന്നാണ് വിലയിരുത്തല്‍.


ആദ്യ 3 മണിക്കൂറിലെ റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ ഹരിയാനയില്‍ 8.72ശതമാനവും മഹാരാഷ്ട്രയില്‍ 5.69 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. അതേസമയം, ഇരു സംസ്ഥാനങ്ങളിലെ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര തന്നെയാണ് കാണപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്.


ഇരു സംസ്ഥാനങ്ങളിലേയും പ്രമുഖ നേതാക്കള്‍ രാവിലെ തന്നെ സമ്മതിദാനാവകാശം വിനിയോഗിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ്, ബിജെപി നേതാക്കളായ നിതിന്‍ ഗഡ്‌കരി, പിയുഷ് ഗോയല്‍ തുടങ്ങിയ നേതാക്കള്‍ സകുടുംബം രാവിലെതന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. 


ഇരു സംസ്ഥാനങ്ങളിലും ഭരണകക്ഷിയായ ബിജെപിയെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണ് ഇന്ന് നടക്കുന്നത്. ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തില്‍ ബിജെപിയും, ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസും പോരാടുകയാണ്. 


2014 ഒക്ടോബറിലാണ് ഈ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഹരിയാനയിലെ ആകെയുള്ള 90 സീറ്റുകളിൽ 47 സീറ്റുകളാണ് ബിജെപിക്കുള്ളത്. മനോഹർ ലാൽ ഖട്ടറിന്‍റെ നേത്രുത്വത്തിലാണ് ബിജെപി ഹരിയാനയില്‍ സർക്കാർ രൂപീകരിച്ചത്. 


മഹാരാഷ്ട്ര നിയമസഭയിൽ ആകെ 288 സീറ്റാണ് ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 122 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. ഇത്തവണയും ബിജെപി-ശിവസേന സഖ്യം അജയ്യരായി തന്നെയാണ് തിരഞ്ഞെടുപ്പ് വേദിയില്‍ നിലകൊള്ളുന്നത്.  


മഹാരാഷ്ട്രയില്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്‌, എന്‍സിപിയുമായി സഖ്യം ചേര്‍ന്നാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 


കനത്ത സുരക്ഷയിലാണ് ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ മൂന്ന് ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. അതേസമയം, ഹരിയാനയില്‍ 75,000 സുരക്ഷാ ഉദ്യോഗസ്ഥര്‍ സജീവമാണ്.