കൊല്‍ക്കത്ത: മീന്‍കറി കൂട്ടിയുള്ള വിഭവ സമൃദ്ധമായ ഉച്ച ഊണിന് 21 രൂപ മാത്രം. പശ്ചിംബെംഗ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പുതിയ പദ്ധതി ശ്രദ്ധേയമാകുന്നതിങ്ങനെയാണ്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പോഷകാഹാരമായ ഭക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ മമത ബാനര്‍ജി ആരംഭിച്ച ഉച്ച ഭക്ഷണ പദ്ധതിയുടെ പേര് 'ഇക്കൂഷ് അന്നപൂര്‍ണ്ണ'.


COMMERCIAL BREAK
SCROLL TO CONTINUE READING

പദ്ധതി കൊല്‍ക്കത്തയില്‍ വിജയിച്ചതോടെ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാനാണ് മമതയുടെ തീരുമാനം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരത്തില്‍ ഭക്ഷണം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതി മെയ് ഒന്ന് മുതല്‍ എല്ലാ ജില്ലകളിലും നടപ്പില്‍ വരും.


ഒരു പാത്രം ചോര്‍, പച്ചക്കറി, ചട്ട്‌നി, മീന്‍ കറി എന്നിവ ഉള്‍പ്പെടുന്ന ഭക്ഷണത്തിന് 21 രൂപയാണ് പദ്ധതിയിലൂടെ ഈടാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. സംസ്ഥാനത്തെ ഫിഷറീസ് വകുപ്പ് മുന്‍ കൈയ്യെടുത്താണ് ഇത്തരം ഒരു നടപടിക്ക് തുടക്കം കുറിച്ചത്. ബാറ്ററിയില്‍ ഓടുന്ന കാറുകളില്‍ കൃത്യ സമയത്ത് ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ ഭക്ഷണം എത്തുമെന്നും അധികൃതര്‍ അറിയിച്ചു.


തുടക്കത്തില്‍ കോടതി പരിസരങ്ങളിലും, സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങളിലുമായി നടപ്പാക്കാനാണ് ലക്‌ഷ്യം. തുടര്‍ന്ന് പ്രധാന കേന്ദ്രങ്ങളിലെല്ലാം വ്യാപിപ്പിക്കുമെന്നും സംസ്ഥാന മത്സ്യബന്ധന വകുപ്പ് മന്ത്രി ചന്ദ്രനാഥ് സിന്‍ഹ അറിയിച്ചു.