ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് വര്‍ഗീയ, സാമുദായിക സംഘര്‍ഷങ്ങള്‍ ഏറെയും നടക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ഇന്നലെ ലോക്‌സഭയില്‍ പറഞ്ഞു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചു നടന്ന ചര്‍ച്ചയിലാണ് റിജിജു ഇങ്ങനെ അഭിപ്രായപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിരോധിക്കാനാണ് വര്‍ഗീയ സംഘര്‍ഷങ്ങളുടെ കണക്കുകള്‍ കേന്ദ്ര മന്ത്രി സഭയില്‍ അവതരിപ്പിച്ചത്. 2014 - 2016 കാലത്ത് രാജ്യത്ത് എറ്റവും കൂടുതല്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടായ സംസ്ഥാനങ്ങള്‍ കേരളം, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയാണെന്ന് കിരണ്‍ റിജിജു ലോക്‌സഭയില്‍ വ്യക്തമാക്കി. 


പ്രതിപക്ഷം ഇത് എതിര്‍ത്തപ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ലഭ്യമാക്കിയ കണക്കുകളാണ് ഇവ എന്നായിരുന്നു മന്ത്രിയുടെ മറുപടി. പ്രതിപക്ഷം ബിജെപിയുടെ പ്രതിശ്ചായ നശിപ്പിക്കാന്‍ എപ്പോഴൊക്കെ ശ്രമിക്കുന്നോ അപ്പോഴൊക്കെ പാര്‍ട്ടി കുടുതല്‍ ശക്തിയായി ഉയര്‍ന്ന് വരുമെന്നും റിജിജു മറുപടിയില്‍ വ്യക്തമാക്കി.


കിരണ്‍ റിജിജുവിന്‍റെ മറുപടി കോണ്‍ഗ്രസും ഇടത് പക്ഷവും ബഹിഷ്‌ക്കരിച്ചു. ഗോ സംരക്ഷണത്തിന്‍റെ പേരില്‍ അക്രമം നടത്തുന്ന വിശ്വഹിന്ദു പരിഷത്ത്, ബജരംഗദള്‍, ഗോ രക്ഷക് തുടങ്ങിയ സംഘടനകള്‍ക്ക് സര്‍ക്കാരിന്‍റെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് സഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെ ആരോപിച്ചു. കേരളത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയെ വിളിച്ച് വരുത്തി, എന്നാല്‍ ഗോ സംരക്ഷണത്തിന്‍റെ പേരില്‍ കൊല നടക്കുമ്പോള്‍ ആരും ചോദിക്കുന്നില്ലെന്നും ഗാര്‍ഖെ ചൂണ്ടിക്കാട്ടി. 


ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അക്രമണങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. മോദി സര്‍ക്കാര്‍ സ്ത്രീകള്‍ക്കും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരാണ്. കൂട്ടക്കൊലയുടെ ദുരന്തങ്ങള്‍ അനുഭവിക്കുന്നത് ഈ വിഭാഗങ്ങളാണ്. രാജ്യം ഭയത്തിന്‍റെ അന്തരീക്ഷത്തിലാണ്.


ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇന്നു നടക്കുന്നത്. ബി.ജെ.പി.യുമായും ആര്‍.എസ്.എസുമായും ബന്ധമുള്ള സംഘടനകളാണ് ആക്രമണം നടത്തുന്നത്. മന്ത്രിമാരും നേതാക്കളും അക്രമികളെ പിന്തുണയ്ക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞു.


ഗാന്ധിജിയും ഗുരുനാനാക്കും ശ്രീനാരായണഗുരുവും പഠിപ്പിച്ച സന്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് രാജ്യത്ത് നടക്കുന്നത്.  മനുഷ്യക്കൊല നടത്തുന്നവര്‍ക്കെതിരേ എന്തു നടപടിയാണ് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചതെന്ന് ഖാര്‍ഗെ ചോദിച്ചു. പ്രതിപക്ഷത്തെ മറ്റ് അംഗങ്ങളും ഈ വിഷയത്തില്‍ രൂക്ഷമായാണ് വിമര്‍ശനമുന്നയിച്ചത്.