ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി അധ്യക്ഷ മായാവതി രംഗത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ കോട്ട ആശുപത്രിയില്‍ 110 ശിശുക്കളുടെ മരണം സംഭവിച്ചിട്ടും ആശുപത്രി സന്ദര്‍ശിക്കാന്‍ പോലും ഇതുവരെ തയ്യാറാവാത്ത പ്രിയങ്കാ ഗാന്ധിയുടെ നടപടിയെ വിമര്‍ശിച്ചായിരുന്നു മായാവതി രംഗത്തെത്തിയത്.


കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പാണെന്നും രാജസ്ഥാനില്‍ പോകാതെ യുപിയില്‍ എത്തി പ്രിയങ്ക ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നും മായാവതി പറഞ്ഞു. 


കോണ്‍ഗ്രസിനെയും ബിജെപിയേയും പോലെ ഏതെങ്കിലും ഒരു വിഷയത്തില്‍ ബിഎസ്പി ഇരട്ടത്താപ്പെടുത്ത് വിലകുറഞ്ഞ രാഷ്ട്രീയം കളിക്കാറില്ലയെന്നും ഈ ഇരട്ടത്താപ്പ് കാരണമാണ് അക്രമവും അരാജകത്വവും രാജ്യത്തുടനീളം നിലനില്‍ക്കുന്നതെന്നും മായാവതി ആരോപിച്ചു.


കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിരപരാധികളായ ശിശുക്കള്‍ മരിച്ചുകൊണ്ടിരിക്കുന്നുവെന്നും എന്നാല്‍ ഒരു കോണ്‍ഗ്രസ് നേതാവ് ഉത്തര്‍പ്രദേശ് സന്ദര്‍ശിച്ച് മുതല കണ്ണുനീര്‍ ഒഴുക്കിക്കൊണ്ടിരിക്കുകയാണെന്നുമാണ് മായാവതി ആരോപിച്ചത്.


ഉത്തര്‍പ്രദേശില്‍ കരയുന്ന ഇവര്‍ കോട്ട ആശുപത്രി സന്ദര്‍ശിക്കാനോ മരണമടഞ്ഞ കുട്ടികളുടെ അമ്മമാരുടെ കണ്ണുനീര്‍ തുടയ്ക്കാനോ തയ്യാറായില്ലയെന്നും ഒരു അമ്മയായ പ്രിയങ്ക ഇത്തരത്തില്‍ പെരുമാറുന്നത് നിര്‍ഭാഗ്യകരമാണെന്നും മായാവതി ട്വിറ്ററില്‍ കുറിച്ചു. 


ഇതേ വിഷയത്തില്‍ നേരത്തെയും മായാവതി പ്രിയങ്കയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. യു.പി സന്ദര്‍ശിക്കുന്നതുപോലെ സ്വന്തം പാര്‍ട്ടി ഭരിക്കുന്ന രാജസ്ഥാനില്‍ പ്രിയങ്ക ഇടക്കിടെ ചെന്നിരുന്നെങ്കില്‍ നന്നായിരുന്നേനെയെന്നായിരുന്നു മായാവതി അന്ന് പറഞ്ഞത്.


കോട്ടയിലെ ആശുപത്രി സന്ദര്‍ശിക്കാന്‍ തയ്യാറാകാത്ത പ്രയങ്ക ഉത്തര്‍പ്രദേശില്‍ സിഎഎക്കെതിരെ നടന്ന പ്രതിഷേധത്തില്‍ ഇരയായവരോട് കാണിക്കുന്ന സമീപനം രാഷ്ട്രീയ അവസരവാദമായി മാത്രമേ കണക്കാക്കാന്‍ കഴിയുവെന്നും മായാവതി പറഞ്ഞു.