ലക്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം അവശേഷിച്ചിരിക്കെ ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുന്നതായി സൂചന. ഖൊരക്പുര്‍, ഫുല്‍പുര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ നേരിടുന്നതിന് മായാവതിയുടെ ബിഎസ്പി, സമാജ് വാദി പാര്‍ട്ടിയെ പിന്തുണക്കുമെന്ന് റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതു സംബന്ധിച്ച് ഉടന്‍തന്നെ ബിഎസ്പി ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയേക്കും. ഉപതെരഞ്ഞെടുപ്പിലെ പിന്തുണ സംബന്ധിച്ച് എസ്പി നേതാവ് അഖിലേഷ് യാദവും മായാവതിയും തമ്മില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ നേരിടുന്നതിനുള്ള മുന്നൊരുക്കമായാണ് പുതിയ രാഷ്ട്രീയ സഹകരണമെന്നാണ് വിലയിരുത്തല്‍.  


യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനവും കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രി സ്ഥാനവും ഏറ്റെടുത്തതോടെയാണ് ഈ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടായിരുന്ന കോണ്‍ഗ്രസ് ഈ ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നുണ്ട്.


ആദിത്യനാഥ് കഴിഞ്ഞ അഞ്ചു വട്ടവും വിജയിച്ച ഖൊരക്പുരില്‍ എസ്പിയുടെ സ്ഥാനാര്‍ഥി പ്രവീണ്‍കുമാര്‍ നിഷാദ് ആണ്. ഇവിടെ ഉപേന്ദ്ര ശുക്ല ബിജെപി സ്ഥാനാര്‍ഥിയും സുര്‍ഹിത ചാറ്റര്‍ജി കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥിയുമാണ്. ഫില്‍പുരില്‍ എസ്പി സ്ഥാനാര്‍ഥി നാഗേന്ദ്ര സിങ് പട്ടേലും ബിജെപി സ്ഥാനാര്‍ഥി കൗശലേന്ദ്ര സിങ് പട്ടേലുമാണ്. മനിഷ് മിശ്രയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മാര്‍ച്ച് 11ന് വോട്ടെടുപ്പും 14ന് ഫലപ്രഖ്യാപനവും നടക്കും.