ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ അവകാശവാദം പൂര്‍ണ്ണമായി തള്ളി ഇന്ത്യ. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷയത്തില്‍ മധ്യസ്ഥതയുടെ ആവശ്യമില്ലെന്നും മധ്യസ്ഥതയ്ക്കായി ഒരു നിര്‍ദ്ദേശവും നരേന്ദ്ര മോദി മുന്നോട്ട് വച്ചിട്ടില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 


ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രമേ കശ്മീരില്‍ പ്രശ്‌ന പരിഹാരം ഉണ്ടാവൂ എന്ന ഇന്ത്യന്‍ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ലയെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.


പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി വൈറ്റ് ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം അഭ്യര്‍ഥിച്ചതായും മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.


ഒസാക്കയില്‍ ജി 20 ഉച്ചകോടിക്കിടെയാണ് കശ്മീര്‍ വിഷയത്തില്‍ മോദി സഹായം അഭ്യര്‍ത്ഥിച്ചതെന്നാണ് ട്രംപിന്‍റെ അവകാശവാദം. 


മനോഹരമായ കശ്മീര്‍ ബോംബുകള്‍ വര്‍ഷിക്കുന്ന താഴ്‌വരയായി മാറിയെന്നും. കശ്മീരിലെ സ്ഥിതിഗതികള്‍ തീര്‍ത്തും വഷളായ അവസ്ഥായിലാണെന്നും വിഷയത്തില്‍ മധ്യസ്ഥനാകുന്നതില്‍ സന്തോഷമേയുള്ളൂവെന്നും ട്രംപ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.


അതേസമയം ട്രംപിന്‍റെ പ്രസ്താവനയില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിഷയം പാര്‍ലമെന്റിലും ഉന്നയിക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറില്‍ അമേരിക്ക സന്ദര്‍ശിക്കാനിരിക്കെയാണ് ട്രംപിന്‍റെ ഈ വിവാദ പ്രസ്താവന.