ആള്‍ക്കൂട്ട ആക്രമണ൦: ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന സ്വീകാര്യമല്ലെന്ന് ശശി തരൂര്‍
രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നടത്തിയപ്രസ്താവനയോട് വിയോജിപ്പ് അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നടത്തിയപ്രസ്താവനയോട് വിയോജിപ്പ് അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
ആള്‍ക്കൂട്ട ആക്രമണത്തെപ്പറ്റി അദ്ദേഹം നടത്തിയ പരാമര്‍ശം അപര്യാപ്തമാണ്. ആക്രമണ സംഭവങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ കേന്ദ്രവും സംസ്ഥാനങ്ങളും 'പിംഗ് പോംഗ്' കളിയ്ക്കുകയാണ് എന്നദ്ദേഹം ആരോപിച്ചു. അതിനാലാണ് ഈ വിഷയത്തില്‍ പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തിയത് എന്നദ്ദേഹം പറഞ്ഞു.
അതേസമയം, സഭയില്‍ സംസാരിച്ച വേളയില്‍ തന്റെ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തുണ്ടായ എല്ലാ ആള്‍ക്കൂട്ട ആക്രമണങ്ങളെയും അപലപിക്കുന്നുവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളാണ് ഇതിന് കാരണമാകുന്നത്. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഉത്തരവാദിത്വം ഉണ്ട്. ക്രമസമാധാനം സംരക്ഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
എന്നാല്‍, രാജ്നാഥ് സിംഗിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ചില കോണ്‍ഗ്രസ് എംപിമാര്‍ ലോകസഭയില്‍നിന്ന് ഇറങ്ങിപ്പോയി. കോണ്‍ഗ്രസ് എംപി ശശി തരൂരും രാജ്നാഥ് സിംഗിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
അതേസമയം, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം വേണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് ശക്തമായ നിയമനിര്‍മാണങ്ങള്‍ വേണമെന്ന് കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്കി. ഇത്തരം അക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടി വേണമെന്നും നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.