ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് പ്രധാനമന്ത്രി എയിംസ് ആശുപത്രിയിലെത്തിയത്. അപ്രതീക്ഷിതമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. വാജ്‌പേയിയുടെ ആരോഗ്യ വിവരങ്ങള്‍ തിരക്കിയ പ്രധാനമന്ത്രി അരമണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചകള്‍ക്കു മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാജ്‌പേയിയുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ട എന്നാണ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്, ജെ.പി.നദ്ദ, കോണ്‍ഗ്‌സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരും വാജ്‌പേയിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.


അതേസമയം വാജ്‌പേയിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചു പുതിയ വിവരങ്ങളൊന്നും എഐഐഎംഎസ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കാര്‍ഡിയോ-തൊറാസിക് സെന്ററിലെ ഐസിയുവിലാണ് ഇപ്പോഴും അദ്ദേഹമുള്ളത്. 93 വയസ്സുള്ള വാജ്‌പേയിയെ ജൂണ്‍ 11നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.