ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലും ആര്‍.എസ്.എസ്. അധ്യക്ഷന്‍ മോഹന്‍ ഭാഗവത് കേരളത്തിലെത്തി ദേശീയപതാക ഉയര്‍ത്തും.  സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട്ടെ ഒരു എയ്ഡഡ് സ്‌കൂളില്‍ മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ വീണ്ടും പതാക ഉയര്‍ത്താനായി ഭാഗവത് കേരളത്തിലെത്തുന്നു. 


ഇത്തവണയും പാലക്കാട്ടെ ഒരു സ്‌കൂളിലാവും ഭാഗവത് ദേശീയപതാക ഉയര്‍ത്തുകയെന്ന് ആര്‍എസ്എസ് സംസ്ഥാന നേതാവ് കെ.കെ. ബാല്‍റാമിനെ ഉദ്ധരിച്ച് വാര്‍ത്താ എജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.  ആര്‍എസ്എസ് ക്യാമ്പില്‍ പങ്കെടുക്കാനായി മൂന്ന് ദിവസത്തോളം മോഹന്‍ ഭാഗവത് പാലക്കാട്ടുണ്ടാകും. റിപബ്ലിക് ദിനത്തിന്‍റെ സമയത്താണ് അത്. ഇക്കുറി പാലക്കാട്ട് മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന ആര്‍എസ്എസ് ക്യാമ്പ് നടക്കുന്നത് ആര്‍എസ്എസ് ബന്ധമുള്ള ഭാരതീയ വിദ്യാനികേതന്‍റെ നിയന്ത്രണത്തിലുള്ള സ്‌കൂളിലാണ്. ക്യാമ്പ് നടക്കുന്ന സ്‌കൂളില്‍ തന്നെ ഭാഗവത് പതാക ഉയര്‍ത്തും എന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലോ ധനസഹായത്തിലോ പ്രവര്‍ത്തിക്കുന്നതല്ലാത്ത സ്ഥാപനമായതിനാല്‍ സംസ്ഥാനസര്‍ക്കാരിന് ഇവര്‍ക്കെതിരെ നടപടിയെടുക്കാനാവില്ല.സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും എവിടെയാണോ ആര്‍എസ്എസ് അധ്യക്ഷനുള്ളത് ആ സ്ഥലങ്ങളില്‍ അദ്ദേഹം ദേശീയപതാക ഉയര്‍ത്തുക പതിവാണെന്നും ഇത്തവണയും ആ രീതി പിന്തുടരുക മാത്രമാണ് ചെയ്യുന്നതെന്നും ആര്‍എസ്എസ് വൃത്തങ്ങള്‍ പറഞ്ഞു.