ഇസ്‌ലാമാബാദ്: 2008 ലെ മുബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യയോട് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് പറഞ്ഞ് പാകിസ്താന്‍ വീണ്ടും രംഗത്ത്. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിക്ക് തങ്ങളുടെ വിദേശകാര്യ സെക്രട്ടറി കത്തെഴുതിയിട്ടുണ്ടെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സക്കാരിയ പറഞ്ഞു. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള മറുപടി കാത്തിരിക്കുകയാണ് വിദേശകാര്യ വക്താവ് നഫീസ് സക്കറിയ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

2008 നവംബറില്‍ രണ്ടു ദിവസം നടന്ന കൊടും ഭീകരാക്രമണത്തില്‍166 പേരാണ് കൊല്ലപ്പെട്ടത്. ഈ കേസില്‍ ലഷ്‌കറെ തായിബ കമാന്‍ഡര്‍ സാക്കിയുര്‍ റഹ്മാന്‍ ലഖ്‌വി ഉള്‍പ്പടെ ഏഴു പേരെയാണ് പാകിസ്താന്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആക്രമണത്തിന്‍റെ സൂത്രധാരന്‍ എന്ന നിലയിലാണ് ലഖ്വിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അബ്ദുള്‍ വാജിദ്, മസര്‍ ഇഖ്ബാല്‍, ഹമാദ് അമിന്‍ സാദിഖ്, ഷാഹിദ് ജമീല്‍ റിയാസ്, ജമീല്‍ അഹമ്മദ്, യൂനിസ് എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍.


2015 ല്‍ കോടതിയില്‍ നിന്ന് ജാമ്യം നേടിയ ലഖ്വി അന്ന് മുതല്‍ രഹസ്യ കേന്ദ്രത്തിലാണ് താമസം. കേസില്‍ വിചാരണ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കണമെന്നത് ഏറെനാളായുള്ള ഇന്ത്യയുടെ ആവശ്യമാണ്. അതിനാവശ്യമായ  തെളിവുകള്‍ പാകിസ്താന് കൈമാറിയിട്ടുണ്ടെന്ന് ഇന്ത്യ നേരത്തെ നിരവധി തവണ വ്യക്തമാക്കിയിരുന്നു. എന്നാല്‍, വിചാരണ പൂര്‍ത്തിയാക്കാനാവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പാകിസ്താന്‍റെ വാദം.