ലഖ്നൗ: മുസ്ലിം ലീ​ഗി​നെ​തി​രെ ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ നടത്തിയ പരിഹാസമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വയനാട്ടില്‍ പത്രിക സമര്‍പ്പണത്തിന് ശേഷം രാഹുല്‍ ഗാന്ധി നടത്തിയ റോഡ്‌ ഷോയില്‍ നിരവധി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തങ്ങളുടെ പതാകയേന്തി റാലിയില്‍ പങ്കെടുത്തിരുന്നു. ഇതാണ് പരിഹാസത്തിന് കാരണമായത്. 


മുസ്ലീം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് വൈറസ് ബാധയാണെന്നുമായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്. 1857ല്‍ ​സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ല്‍ രാ​ജ്യ​മൊ​ന്ന​ട​ങ്കം ബ്രി​ട്ടീ​ഷു​കാ​ര്‍​ക്കെ​തി​രെ പോ​രാ​ടി. എ​ന്നാ​ല്‍ ലീ​ഗ് വ​ന്ന​തോ​ടെ ഐ​ക്യം ന​ഷ്ട​മാ​യി എന്നും യോഗി പറഞ്ഞു. ഇ​പ്പോ​ള്‍ ആ ​ഭീ​ഷ​ണി വീ​ണ്ടും ഉ​യ​രു​ക​യാ​ണ്. പ​ച്ച​പ്പ​താ​ക പാ​റു​ക​യാ​ണെ​ന്നും തിര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് ജ​യി​ച്ച്‌ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ഈ ​വൈ​റ​സ് രാ​ജ്യ​ത്താ​കെ പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും യോ​ഗി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ശഹറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


സ്വാതന്ത്ര്യനാന്തരം രൂപീകരിച്ച മതേതര പാര്‍ട്ടിയെ ജിന്നയുടെ പാര്‍ട്ടിയാക്കിയാണ് ഉത്തരേന്ത്യയില്‍ വ്യാജ പ്രചരണം നടക്കുന്നത്. ഇതിലൂടെ ലക്ഷ്യമിടുന്നത് ഉത്തരേന്ത്യയിലെ ഹിന്ദു വോട്ടുകളുടെ ധ്രുവീകരണം മാത്രമാണെന്ന് വ്യക്തം. വയനാട് സീറ്റില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചത് മുതല്‍ ഈ വിഷയം ഉത്തരേന്ത്യയില്‍ ബിജെപി പ്രചാരണവിഷയമായി ഉപയോഗിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായ മണ്ഡലത്തിലാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതെന്നും ഹിന്ദുക്കളില്‍ നിന്നും രാഹുല്‍ ഒളിച്ചോടുകയാണെന്നും നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.


രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ കണ്ട മുസ്ലീം ലീഗിന്‍റെ കൊടി പാക്കിസ്ഥാന്‍ പതാകയാണെന്ന തരത്തില്‍ നേരത്തെ ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും വ്യാപകപ്രചാരണം നടന്നിരുന്നു.


ഉത്തരേന്ത്യക്കാര്‍ക്ക് കേരളത്തിലെ ലീഗിനെ കുറിച്ച്‌ അറിയില്ല. ഇത് മനസ്സിലാക്കിയാണ് വ്യാജപ്രചരണം. അതു പരമാവധി പ്രയോജനപ്പെടുത്തിയുള്ള വര്‍ഗ്ഗീയ ധ്രൂവീകരണത്തിനാണ് യോഗിയുടെ ശ്രമം. മുസ്ലിം ലീഗ് എന്ന വൈറസിനാല്‍ രാജ്യം ഒരിക്കല്‍ വിഭജിക്കപ്പെട്ടു. കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് രാജ്യത്താകെ പടരുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് മുസ്ലിം ലീഗിന്റെ സഹായത്തോടെയാണെന്ന് പറഞ്ഞ് ബിജെപി കേന്ദ്രനേതാക്കളെല്ലാം രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപിയുടെ പ്രധാനമന്ത്രി അടക്കമുള്ള ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും കേരളത്തിലെത്തുന്നുണ്ട്. യോഗി ആദിത്യനാഥും എത്തും. മുസ്ലിം ലീഗിനേയും കോണ്‍ഗ്രസിനേയും കടന്നാക്രമിക്കുകയാകും യോഗി കേരളത്തിലും ചെയ്യുക.


സ്വാതന്ത്ര്യത്തിന് ശേഷമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് രൂപീകൃതമായത്. ഇന്ത്യയോടുള്ള കൂറ് വ്യക്തമാക്കാന്‍ പേരില്‍ അവര്‍ രാജ്യത്തിന്‍റെ പേര് സ്വീകരിക്കുകയും ചെയ്തു. അത്തരമൊരു പാര്‍ട്ടിക്കെതിരെയാണ് വ്യാജ പ്രചരണം. എം. മുഹമ്മദ് ഇസ്മായിലാണ് 1948 മാര്‍ച്ച്‌ 10-നു ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്ഥാപിച്ചത്. ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷ - പിന്നോക്ക ജനവിഭാഗത്തിന്‍റെയും ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സമൂഹത്തില്‍ അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തുന്നതിനും വേണ്ടിയായിരുന്നു ഇത്.