ന്യൂഡല്‍ഹി: അമേരിക്കയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വന്‍ സ്വീകരണമൊരുക്കി നടത്തിയ 'ഹൗഡി മോദി' എന്ന പരിപാടിയ്ക്ക് സമാനമായിരിക്കും ഗുജറാത്തില്‍ നടക്കുന്ന "നമസ്‌തേ ട്രംപ്"...!!


COMMERCIAL BREAK
SCROLL TO CONTINUE READING

വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ ആണ് പരിപാടി സംബന്ധിച്ച വിശദീകരണം നല്‍കിയത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ആദ്യ സന്ദര്‍ശനം ഇന്ത്യഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും രവീഷ്‌കുമാര്‍ പറഞ്ഞു.


അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് ആതിഥേയത്വം വഹിച്ച് ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന ‘നമസ്‌തേ ട്രംപ്’ പരിപാടി കഴിഞ്ഞ സെപ്റ്റംബറില്‍ ഹ്യൂസ്റ്റണില്‍ നടന്ന ‘ഹൗഡി മോഡി’ പരിപാടിക്ക് സമാനമാകുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ അറിയിച്ചു‍.


"അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സന്ദര്‍ശനത്തിനായി ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, ഇത് ഞങ്ങളുടെ ആഗോള തന്ത്രപരമായ ബന്ധത്തെ ശക്തിപ്പെടുത്തും”, പ്രതിവാര വാർത്താസമ്മേളനത്തില്‍ ആണ് രവീഷ് കുമാര്‍ ഇക്കാര്യം മാധ്യമപ്രര്‍ത്തകരെ അറിയിച്ചത്.


അതേസമയം, ‘നമസ്‌തേ ട്രംപ്’ അവിസ്മരണീയമാക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഡൊണാള്‍ഡ് ട്രംപിന്‍റെ സ്വാഗതാര്‍ത്ഥം മൊട്ടേര സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടി അവിസ്മരണീയമാക്കി മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കൂടാതെ, എ. ആര്‍ റഹ്മാന്‍റെ സംഗീത നിശ ചടങ്ങിലെ മുഖ്യ ആകര്‍ഷണമാകും.


ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ മൊട്ടേരയുടെ ഉദ്ഘാടന പരിപാടി കൂടി ഈ ദിവസമാണ് നടക്കുക. അതിനാല്‍, സച്ചിനു പുറമെ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, BCCI  പ്രസിഡന്‍റ് സൗരവ് ഗാംഗുലി തുടങ്ങിയവരും ചടങ്ങിന്‍റെ ഭാഗമാകും.


രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളെ പ്രതിനിധീകരിക്കുന്നതിനായി 28 സ്റ്റേജുകളും ഒരുക്കും. ഇതില്‍ വിവിധ കലാകാരന്മാര്‍ അണിനിരക്കും. മഹാത്മാഗാന്ധിയുടെ ജീവിതവും റോഡ്‌ഷോയില്‍ അവതരിപ്പിക്കും.


ഫെബ്രുവരി 24നാണ് US  പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്നത്.


ആദ്യ ദിവസം ഗുജറാത്തിലെ അഹമ്മദാബാദിലും ഉത്തര്‍പ്രദേശിലെ ആഗ്രയിലും ദമ്പതികള്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് ഡല്‍ഹിയില്‍ ഔദ്യോഗിക സ്വീകരണവും ഉഭയകക്ഷി ചര്‍ച്ചകളും നടക്കും.