ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് ആശ്വാസമായി ഹൈകോടതി വിധി. നാഷനല്‍ ഹെറാള്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് ധനകാര്യ, കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയങ്ങളില്‍ നിന്നുള്ള രേഖകളും 2010-11 വര്‍ഷത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ  ബാലന്‍സ് ഷീറ്റും ഹാജരാക്കാണമെന്നാണ് വിചാരണ കോടതി ഉത്തരവിട്ടത്. ഇതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നല്‍കിയ ഹര്‍ജി പരിഗണിച്ച ഡല്‍ഹി ഹൈകോടതിയാണ് വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാഷനല്‍ ഹെറാള്‍ഡ് കൈമാറ്റത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമിയാണ് കോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡിന്‍റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡില്‍നിന്നും ഹെറാള്‍ഡ് ഹൗസും സ്വത്തുക്കളും ഏറ്റടെുത്തതാണ് കേസിന് ആധാരമായ സംഭവം. 


നേരത്തെ, നാഷനല്‍ ഹെറാള്‍ഡിന്  90 കോടിരൂപ കോണ്‍ഗ്രസ് വായ്പയായി അനുവദിച്ചിരുന്നു. എന്നാല്‍,2000 കോടി രൂപ ആസ്തിയുള്ള ഹെറാള്‍ഡിന്‍റെ സ്വത്തുക്കള്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഓഹരിയുള്ള യങ് ഇന്ത്യ കമ്പനി  50 ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത് എന്നാണ് ആരോപണം.