ചെന്നൈ: നിപാ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കേരളത്തില്‍ അവധിക്കാലം ചെലവഴിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും. പ്രത്യേകിച്ചും കോഴിക്കോടും പരിസര ജില്ലകളിലുമെന്നും തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. അതിജാഗ്രത പാലിക്കണമെന്നും തമിഴ്‌നാട് ആരോഗ്യകുടുംബ ക്ഷേമ വകുപ്പ് അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പനി ബാധിച്ചവരില്‍നിന്ന് അകലം പാലിക്കാന്‍ ശ്രമിക്കണം. പഴവര്‍ഗങ്ങള്‍ കഴുകാതെയോ, തൊലി കളയാതെയോ ഭക്ഷിക്കരുതെന്നും ജനങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കി. കേരള തമിഴ്‌നാട് അതിര്‍ത്തി ജില്ലകളായ കോയമ്പത്തൂര്‍, നീലഗിരി പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടെ പ്രത്യേക പരിശോധനയും ആരംഭിച്ചു.


ചെന്നൈ വിമാനത്താവളത്തിലും യാത്രികരുടെ ആരോഗ്യ പരിശോധന തുടങ്ങിയതായി വിമാനത്താവളാധികൃതര്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ ഇതിന്‍റെ ഭീഷണി ഇല്ലെന്നും ഭയം വേണ്ടെന്നും ആരോഗ്യകുടുംബ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ പറഞ്ഞു. 


വൈറസ് പടരുന്നത് ചെറുക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്‍റെ വിവരങ്ങള്‍ ആരോഗ്യ വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്കു കൊണ്ടുവരുന്ന പഴവര്‍ഗങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. സംസ്ഥാനത്തെ പനിബാധിതരുടെ കണക്കെടുപ്പു നടക്കുകയാണ്. പനിബാധിതരുടെ വിവരങ്ങള്‍ കൃത്യമായി അറിയിക്കണമെന്ന് ആവശ്യപ്പെട്ടതായും പൊതുജനാരോഗ്യ വകുപ്പു ഡയറക്ടര്‍ ഡോ.കെ.കൊളന്തസ്വാമി അറിയിച്ചു.