ന്യൂഡല്‍ഹി: പ്രമാദമായ നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 4 പ്രതികളില്‍ ഒരാളായ മുകേഷ് സിംഗ് ദയഹര്‍ജി സമര്‍പ്പിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന്, രാവിലെ സുപ്രീംകോടതി വിനയ് കുമാര്‍ ശര്‍മ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി തള്ളിയിരുന്നു. ജനുവരി 9നാണ് വിനയ് കുമാര്‍ ശര്‍മ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്. 


തിരുത്തല്‍ ഹര്‍ജി തള്ളിയ അവസരത്തില്‍ രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി സമര്‍പ്പിക്കാനുള്ള അവസരം ഇനി അവശേഷിക്കുന്നതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. 


അതേസമയം, നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക്മേല്‍ ഇനി "ദയ"യുണ്ടാവില്ല എന്ന് തന്നെയാണ് സൂചന. കാരണം, ഈ കേസില്‍ പ്രതികളുടെ ദയാഹര്‍ജി തള്ളാനുള്ള ശുപാര്‍ശയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനോടകം നല്‍കിയിരിക്കുന്നത്. 


കഴിഞ്ഞ 7നാണ് ഡല്‍ഹി പട്യാല കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചത്. അതനുസരിച്ച് ഇനി, ജനുവരി 22ന് 7മണിക്ക് നാലുപേരെയും തൂക്കിലേറ്റും. ഡല്‍ഹി തീഹാര്‍ ജയിലിലാണ് ഇവരെ തൂക്കിലേറ്റുക. ഇതിനുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. ഈയവസരത്തിലാണ് കൊലക്കയറില്‍നിന്നും രക്ഷനേടാനുള്ള അവസാന ശ്രമമായി മുകേഷ് സിംഗ് ദയാഹര്‍ജി നല്‍കിയിരിക്കുന്നത്.


കേസില്‍ ശിക്ഷ നടപ്പാക്കുന്നതില്‍ വരുന്ന കാലതാമസം മുന്നില്‍ക്കണ്ട്, പ്രതികളുടെ വധ ശിക്ഷ എത്രയുംവേഗം നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയയുടെ അമ്മ ഡല്‍ഹി പട്യാല കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ച കോടതി മൂന്ന് മണിക്കൂര്‍ നീണ്ട വാദത്തിന് ശേഷമാണ് പ്രതികള്‍ക്ക് മരണ വാറണ്ട് പുറപ്പെടുവിച്ചത്.


അതേസമയം, ജനുവരി 7 വരെയായിരുന്നു Mercy Petition സമര്‍പ്പിക്കാന്‍ കോടതി സമയം അനുവദിച്ചിരുന്നത്. ആ കാലയളവില്‍ നാല് പ്രതികളും Mercy Petition സമര്‍പ്പിച്ചിരുന്നില്ല. 


ആ വസ്തുത മുന്‍ നിര്‍ത്തിയാണ് തിരുത്തല്‍ ഹര്‍ജി തള്ളിയ അവസരത്തില്‍ പ്രതികള്‍ക്ക് രാഷ്ട്രപതിയെ സമീപിക്കാനുള്ള അവസരം സുപ്രീംകോടതി നല്‍കിയത്. അതായത്, വധശിക്ഷയില്‍നിന്നും ഇളവു നേടാന്‍ നീതിന്യായ വ്യവസ്ഥ അനുവദിക്കുന്ന എല്ലാ സാധ്യതയും വിനിയോഗിക്കാന്‍ പ്രതികള്‍ക്ക് അവസരം നല്‍കുകയാണ് സുപ്രീംകോടതി ഇപ്പോള്‍ ചെയ്തിരിക്കുന്നത്. 


അതേസമയം, വധശിക്ഷ വൈകിപ്പിക്കാനുള്ള ശ്രമമാണ് പ്രതികള്‍ നടത്തുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. 


അതേസമയം, 4 പേരുടെയും പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി മുന്‍പേ തന്നെ തള്ളിയിരുന്നു.


2012 ഡിസംബര്‍ 16ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്‌. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിര്‍ഭയ കേസിലെ നാല് പ്രതികളാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിഞ്ഞിരുന്നത്. 


ഒന്നാംപ്രതി റാം സിംഗ് 2013 മാര്‍ച്ചില്‍ തീഹാര്‍ ജയിലില്‍ ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. മറ്റ് നാല് പ്രതികളായ മുകേഷ് സി൦ഗ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരെയാണ് ജനുവരി 22ന് തൂക്കിലേറ്റുക.