നിര്‍ഭയ കേസ്: വധശിക്ഷയ്ക്ക് എതിരെ പ്രതികള്‍ അന്താരാഷ്ട്ര കോടതിയില്‍...!!
വധശിക്ഷയ്ക്ക് സ്റ്റേ ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതികള്‍ രാജ്യാന്തര കോടതി, International Court of Justice (ICJ)യെ സമീപിച്ചു.
ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് സ്റ്റേ ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതികള്‍ രാജ്യാന്തര കോടതി, International Court of Justice (ICJ)യെ സമീപിച്ചു.
നിര്‍ഭയ കേസിലെ 4 പ്രതികളില്‍ 3 പേരാണ് വധശിക്ഷ നടപ്പാക്കുന്നതിന് എതിരെ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതികളായ അക്ഷയ് ഠാക്കൂര്‍, പവന് ഗുപ്ത, വിനയ് ശര്‍മ എന്നിവരുടെ വധശിക്ഷ നടപ്പാക്കരുത് എന്നാവശ്യപ്പെട്ട് പ്രതികളുടെ അഭിഭാഷകന് അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് കത്തയച്ചതായാണ് റിപ്പോര്‍ട്ട്.
നിര്‍ഭയ കേസ് പ്രതികളിലൊരാളായ മുകേഷ് സിംഗ് സമര്‍പ്പിച്ചിരുന്ന ഹര്‍ജി സുപ്രിംകോടതി തള്ളിയതിനു പിന്നാലെയാണ് ഈ നീക്കം.
മുകേഷിന് നിയമപരമായ എല്ലാ സാധ്യതകളും അനുവദിച്ചു കഴിഞ്ഞുവെന്നാണ് ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി വ്യക്തമാക്കിയത്. അഭിഭാഷകന് തന്നെ തെറ്റിദ്ധരിപ്പിച്ചു എന്ന് കാണിച്ചാണ് മുകേഷ് സിംഗ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസുമാരായ അരുണ്‍ മിശ്രയും എം. ആര്. ഷായും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
കേസിലെ സാഹചര്യങ്ങള്‍ പറയുന്നത് ഇനി യാതൊരു പ്രതിവിധിയും അവശേഷിച്ചിട്ടില്ലെന്നാണ്. നിങ്ങള്‍ ദയാഹര്‍ജി വിനിയോഗിച്ചു. അത് തള്ളി. തിരുത്തല്‍ ഹര്‍ജികളും തള്ളി. ഇനി എന്തു നിയമസഹായമാണ് അവശേഷിച്ചിട്ടുളളത്? സുപ്രീംകോടതി ചോദിച്ചു.
അതേസമയം, നിലവില്‍ ഒരു കുറ്റവാളിക്ക് ലഭിക്കേണ്ട എല്ലാ നിയമ പരിരക്ഷയും നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് ലഭിച്ചുകഴിഞ്ഞു.
ഡല്‍ഹി പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച മരണവാറണ്ട് അനുസരിച്ച് നിര്‍ഭയ കേസിലെ നാല് പ്രതികളെയും മാര്‍ച്ച് 20ന് പുലര്‍ച്ചെ 5.30ന് തൂക്കിലേറ്റും.