ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ മന്ത്രിയ്ക്ക് പിന്തുണയുമായി ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.


COMMERCIAL BREAK
SCROLL TO CONTINUE READING

സോഷ്യല്‍ മീഡിയയില്‍ സുഷമയ്ക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങളെ അദ്ദേഹം അപലപിച്ചു. സുഷമയെപ്പോലൊരു വ്യക്തി സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ വിമര്‍ശിക്കപ്പെടുന്നതില്‍ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ ഇന്ത്യയില്‍ ഇല്ലാതിരുന്ന അവസരത്തില്‍ ഇത്തരത്തില്‍ വിമര്‍ശിക്കപ്പെട്ടത്‌ അത്യന്തം ദുഃഖകരമായ ഒന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടു. ആ ഒരു പ്രശ്നം കൂടുതല്‍ കാര്യക്ഷമമായി പരിഹരിക്കാന്‍ ആ സമയം അവര്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല എന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടി. 


ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവായ അവരെ ജനങ്ങള്‍ ഇത്തരത്തില്‍ എതിർക്കുന്നത് ദുഃഖകരമാണ് എന്നും ഗഡ്കരി പറഞ്ഞു. 


ഹിന്ദു-മുസ്ലീം ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഹിന്ദു മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട പാസ്‌പോര്‍ട്ട് ഓഫീസറെ സ്ഥലം മാറ്റിയ നടപടിയാണ് സുഷമാ സ്വരാജിനെ സൈബര്‍ ആക്രമണത്തിന് ഇരയാക്കിയത്. അതേസമയം, ഈ സംഭവത്തെ തുടര്‍ന്ന് തനിക്കെതിരെ വലിയ അധിക്ഷേപങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതായി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തിരുന്നു. കൂടാതെ സുഷമ സ്വരാജ് വീട്ടില്‍ വരുമ്പോള്‍ അവരെ തല്ലി ശരിയാക്കണമെന്നും മുസ്ലീം പ്രീണനം ആവശ്യമില്ലെന്ന് അവരെ പറഞ്ഞു മനസിലാക്കണമെന്നും മുകേഷ് ഗുപ്ത എന്നയാള്‍ കേന്ദ്രമന്ത്രിയുടെ ഭര്‍ത്താവ് സ്വരാജ് കൗശലിന് ട്വിറ്റ് ചെയ്തിരുന്നു. 


മുന്‍പ് ഇതേ വിഷയത്തില്‍ സുഷമാ സ്വരാജിന് പിന്തുണയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് എത്തിയിരുന്നു. 


ബിജെപിയിലെ മുതിര്‍ന്ന വനിതാ നേതാവും മന്ത്രിയുമായ സുഷമാ സ്വരാജിനെതിരെ സൈബര്‍ ആക്രമണം നടക്കുമ്പോള്‍ പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ നിശബ്ദരാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.