ന്യൂഡല്‍ഹി: രാഷ്ട്രീയപ്രതിയോഗിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമെങ്കിലും അതിന് പിന്നില്‍ വിദ്വേഷമില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിക്കുമ്പോഴും അദ്ദേഹത്തോട് അനാദരവ് ഇല്ലെന്ന് രാഹുല്‍ വ്യക്തമാക്കി. താന്‍ ചൂണ്ടിക്കാണിക്കുന്നത് അദ്ദേഹത്തിന്‍റെ നയങ്ങളിലെ തെറ്റുകള്‍ മാത്രമാണെന്നും രാഹുല്‍ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുജറാത്തിലെ ബനസ്കാന്തയിലെ തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്യുമ്പോഴായിരുന്നു രാഷ്ട്രീയവിമര്‍ശനങ്ങളുടെ നൈതികതയെക്കുറിച്ച് രാഹുലിന്‍റെ തുറന്നു പറച്ചില്‍. നയപരമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി ബി.ജെ.പിയെ അസ്വസ്ഥമാക്കുമെങ്കിലും പ്രധാനമന്ത്രിയെയോ രാജ്യത്തെയോ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന നടത്താറില്ലെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. 


മോദി പ്രതിപക്ഷത്തിരുന്നപ്പോള്‍ ഇതായിരുന്നില്ല അവസ്ഥയെന്നും രാഹുല്‍ ഓര്‍മ്മപ്പെടുത്തി. മോദി പ്രതിപക്ഷത്തായിരുന്നപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയെ അപമാനിക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവനകള്‍. ഇതാണ് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം. കോണ്‍ഗ്രസിന്‍റെ വിമര്‍ശനങ്ങള്‍ പരിധി ലംഘിക്കാറില്ലെന്ന് രാഹുല്‍ പറഞ്ഞു. 


തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തില്‍ മൂന്ന് ദിവസത്തെ പര്യടനത്തിന് എത്തിയതാണ് രാഹുല്‍ ഗാന്ധി. വടക്കന്‍ ഗുജറാത്തിലാണ് രാഗുലിന്‍റെ യാത്രകളും പരിപാടികളും കേന്ദ്രീകരിച്ചിരിക്കുന്നത്. രാഹുലിന്‍റെ ഗുജറാത്ത് പര്യടനം നാളെ അവസാനിക്കും.